ബുർജ് ഖലീഫയിൽ തെളിഞ്ഞ ‘കുറുപ്പ്’; സാക്ഷികളായി ദുൽഖർ സൽമാനും കുടുംബവും- വിഡിയോ
മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പ്രമാദമായ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. നവംബർ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നാളുകൾക്ക് ശേഷം തിയേറ്ററുകൾ സജീവമാകുന്ന വേളയിൽ ആഘോഷങ്ങളോടെയാണ് കുറുപ്പിനെ വരവേൽക്കുന്നത്.
ഇപ്പോഴിതാ, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ലൈറ്റ് അപ്പ് ചെയ്ത വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഈ കാഴ്ച കാണാൻ ദുൽഖർ സൽമാൻ കുടുംബസമേതം എത്തിയിരുന്നു. ഭാര്യ അമാലും മകൾ മറിയവും ദുൽഖറിനൊപ്പം എത്തി.
ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
Story highlights- Kurup Lights up Burj Khalifa