മംഗലാപുരത്ത് സെറ്റിട്ട ദുബായ് പോർട്ട്-റെട്രോ കാലമൊരുക്കിയ ‘കുറുപ്പ്’ മേക്കിംഗ് വിഡിയോ
വലിയ വിജയമായി മാറിയിരിക്കുകയാണ് കുറുപ്പ്. ഏറെക്കാലത്തിന് ശേഷം തിയേറ്ററുകളെ സജീവമാക്കിയ ചിത്രം എന്ന നിലയിലും കുറുപ്പിന് സ്വീകാര്യത ഏറെയാണ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിശദമായൊരു മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് കുറുപ്പിന്റെ അണിയറപ്രവർത്തകർ.
സ്ക്രീനിൽ കാണുന്ന കാലഘട്ടം വീണ്ടും ഒരുക്കിയതാണ് സിനിമാപ്രവർത്തകരുടെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. കാരണം, 1984കളൊക്കെയാണ് സിനിമയിലെ പ്രധാന കാലഘട്ടം. കേരളത്തിൽ മാത്രമല്ല സിനിമയുടെ ചിത്രീകരണം നടന്നത്. അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
മുംബൈയുടെ സെറ്റിട്ട് അഹമ്മദാബാദിലാണ് കൂടുതലും ചിത്രീകരണം നടന്നത്. കാരണം കഥ നടക്കുന്ന കാലത്തുനിന്നും അവിശ്വസനീയമായ മാറ്റങ്ങൾ ഇപ്പോഴത്തെ മുംബൈക്ക് സംഭവിച്ചു. അതുപോലെ ദുബായ് പോർട്ട് ചിത്രീകരിക്കാനും പ്രശ്നങ്ങൾ നേരിട്ടു. കാരണം, ദുബായ്ക്കും വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് മംഗലാപുരം പോർട്ടിൽ ആണ് ചിത്രീകരണം നടന്നത്. എന്നാൽ, അവിടെയും അവസാനിച്ചില്ല വെല്ലുവിളി. അന്ന് അധികവും ദുബായ് പോലുള്ള നഗരങ്ങളിൽ യാത്ര ചെയ്തിരുന്ന ആഫ്രിക്കൻ വംശജരെ മംഗലാപുരം പോർട്ടിൽ എത്തിക്കാൻ സാധിക്കില്ലായിരുന്നു. കാരണം, അവിടെ വിദേശികൾക്ക് പ്രവേശനമില്ല.
അതുകൊണ്ട് കർണാടകയിൽ നിന്നും ആഫ്രിക്കൻ വംശജരുടെ രൂപമുള്ള ഗോത്രവർഗ്ഗത്തെ സ്റ്റൈലിഷ് ലുക്കിലാക്കി എത്തിച്ചു. അങ്ങനെ ഒട്ടേറെ കഷ്ടപ്പാടുകൾ കുറുപ്പിന് പിന്നിലുണ്ടായിരുന്നു എന്ന് മേക്കിംഗ് വിഡിയോ കാണുമ്പോൾ മനസിലാക്കാൻ സാധിക്കും.
ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
Read More: താങ്കളുടെ കടുത്ത ആരാധകൻ- യുവരാജ് സിംഗിനൊപ്പമായുള്ള അവിസ്മരണീയ നിമിഷം പങ്കുവെച്ച് ടൊവിനോ തോമസ്
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Story highlights- kurupp movie making video