ഭരണഘടനയുടെ മാതൃകയിൽ അഭിഭാഷകരുടെ വിവാഹ ക്ഷണക്കത്ത്- കൗതുകക്കാഴ്ച
വിവാഹക്ഷണക്കത്തിൽ വൈവിധ്യങ്ങൾ പരീക്ഷിക്കുന്ന കാലമാണ്. വാട്സാപ്പ് ചാറ്റിന്റെ രൂപത്തിൽ മുതൽ വിവാഹത്തിന് എത്തുന്ന അതിഥികൾ പണം സമ്മാനമായി നൽകാൻ ക്യൂ ആർ കോഡ് പതിപ്പിച്ച ക്ഷണക്കത്ത് വരെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ ഭരണഘടനയുടെ രൂപത്തിൽ ക്ഷണക്കത്ത് ഒരുക്കിയിരിക്കുകയാണ് ഒരു അഭിഭാഷകൻ.
ആസ്സാമിലെ ഗുവാഹത്തിയിൽ നിന്നുള്ള ഒരു അഭിഭാഷകനാണ് തന്റെ വിവാഹത്തിന് ഭരണഘടനയുടെ മാതൃകയിൽ ക്ഷണക്കത്ത് ഒരുക്കിയത്. അഡ്വക്കേറ്റ് അജയ് ശർമ്മ ഹരിദ്വാറിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്ന പൂജ ശർമ്മയെയാണ് വിവാഹം കഴിക്കുന്നത്. വിവാഹദിനത്തിൽ ക്ഷണക്കത്തിൽ വൈവിധ്യം വരുത്താൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
തുല്യതയെ പ്രതിനിധീകരിക്കുന്നതിനായി നീതിയുടെ തുലാസിന്റെ ഇരുവശത്തും വധുവിന്റെയും വരന്റെയും പേരുകൾ എഴുതിയിരിക്കുന്നു. വിവാഹ ക്ഷണക്കത്തിൽ ഇന്ത്യൻ വിവാഹങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും അവകാശങ്ങളും പരാമർശിക്കുന്നു.
‘വിവാഹത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു ഘടകമാണ്. അതിനാൽ, 2021 നവംബർ 28 ഞായറാഴ്ച ഈ മൗലികാവകാശം ഉപയോഗിക്കാൻ എനിക്ക് സമയമായി’ എന്ന് കാർഡിൽ പറയുന്നു. അതോടൊപ്പം ‘വക്കീലുകൾ വിവാഹിതരാകുമ്പോൾ, അവർ വിവാഹ ഉടമ്പടിയിൽ ‘യെസ്’ എന്ന് പറയില്ല, പകരം ‘ഞങ്ങൾ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു’ എന്നാണ് പറയുന്നതെന്നും കത്തിൽ കുറിച്ചിരിക്കുന്നു. രസകരമായ ക്ഷണക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Story highlights- Lawyer’s Constitution-themed wedding card goes viral