പഠനം ഉപേക്ഷിച്ച് ലോറി ഓടിക്കാൻ ഇറങ്ങി കോടീശ്വരനായ സ്റ്റീവ്; പ്രചോദനം ഈ ജീവിതകഥ
വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് ഡ്രൈവർ ആകണം എന്നുത്തരം പറയുന്ന നിരവധി കുട്ടികളെ നമുക്കറിയാം. ലോറിയും ബസും ഒക്കെ ഓടിക്കുന്ന ഡ്രൈവർമാരെ ആരാധനയോടെ നോക്കിനിന്ന കുട്ടിക്കാലം ഉള്ളവരും നമുക്കിടയിലുണ്ട്. എന്നാൽ വലുതാകുന്നതിനനുസരിച്ച് ചെറുപ്പത്തിലെ ഈ ആഗ്രഹം മറന്നുകളയുന്നവരാണ് മിക്കവരും. പക്ഷെ പതിനാറാം വയസിൽ പഠനം ഉപേക്ഷിച്ച് ഡ്രൈവറാകാൻ ഇറങ്ങിത്തിരിച്ച സ്റ്റീവ് പാർക്കിന്റെ കഥയാണ് ഇപ്പോൾ ഏറെ പ്രചോദനമാകുന്നത്.
പഠനം മതിയാക്കി ഡ്രൈവറാകാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഒരു ലോറി ഓടിക്കണം എന്നായിരുന്നു സ്റ്റീവിന്റെ ആഗ്രഹം. സ്കൂൾ പഠനം ഉപേക്ഷിച്ച സ്റ്റീവ് ആദ്യം ഹെവി ഗുഡ്സ് വെഹിക്കിൾ ലൈസൻസ് നേടി. എന്നാൽ ആഗ്രഹത്തിനപ്പുറം പിന്നീട് ലോറി ഓടിക്കുക എന്നത് സ്റ്റീവിന്റെ ഉപജീവനമാർഗവും കൂടി ആകുകയായിരുന്നു.
ആദ്യം ഒരു വസ്ത്രകമ്പനിയുടെ ലോറിയാണ് സ്റ്റീവ് ഓടിച്ചുകൊണ്ടിരുന്നത്. അന്ന് വസ്ത്രകമ്പനിയുടെ ഡ്രൈവർ മാത്രമായിരുന്ന സ്റ്റീവ് ഇപ്പോൾ യുകെ യോർക്ക്ഷെയറിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. സമ്പന്നരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് സ്റ്റീവിന്റെ സ്ഥാനം. കഴിഞ്ഞ ഒരു വർഷം മാത്രമുള്ള സ്റ്റീവിന്റെ വരുമാനം 450 കോടി രൂപയാണ്.
ക്ലിപ്പർ എന്ന പേരിൽ ഒരു ഓൺലൈൻ ലോജിസ്റ്റിക് കമ്പനി ആരംഭിച്ച സ്റ്റീവ് കൊവിഡ് മഹാമാരിയുടെ കാലത്ത് വീടുകളിൽ കുടുങ്ങിക്കിടന്നിരുന്ന ആളുകൾക്ക് സാധനങ്ങൾ എത്തിച്ചുനൽകിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights; Man who dropped out of school at 16 is now a multi-millionaire