ഗുഹാ പര്യവേഷണത്തിനിടെ 50 അടി താഴ്ചയിലേക്ക് പതിച്ച് യുവാവ്; രണ്ടുദിവസത്തിന് ശേഷം പുറത്തെത്തിച്ചത് 240 രക്ഷാപ്രവർത്തകർ ചേർന്ന്- ചരിത്രമായൊരു രക്ഷാദൗത്യം
ടെക്നോളജിയുടെ വികാസത്തോടു കൂടി ആളുകൾക്ക് യന്ത്രസഹായത്തോടെ എന്തുകാര്യങ്ങളും ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ മുൻപ് ഒട്ടനേകം ആളുകളുടെ സഹായത്തോടെ ചെയ്യേണ്ടി വന്നിരുന്ന ജോലികൾ യന്ത്രസഹായത്തോടെ ആളുകളുടെ എണ്ണം കുറച്ച് ചെയ്യാൻ സാധിക്കും. എല്ലാ കാര്യങ്ങളിലും ഇങ്ങനെ മനുഷ്യന്റെ സാന്നിധ്യവും അധ്വാനവുമെല്ലാം കുറയ്ക്കാൻ സാധിച്ചെങ്കിലും അങ്ങനെയല്ലാത്ത ചില കാര്യങ്ങളുണ്ട്. ഒരു മനുഷ്യനെ പ്രതികൂല സാഹചര്യത്തിൽ നിന്നും രക്ഷിക്കാൻ 250 ഓളം ആളുകൾ അണിനിരക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയായി തോന്നാം. എന്നാൽ, യന്ത്രങ്ങളുടെ സഹായമെല്ലാം നിഷ്ഫലമായ ഒരു അവസ്ഥയിൽ ഗുഹയുടെ ആഴങ്ങളിൽ കുടുങ്ങിയ ഒരു മനുഷ്യനെ രക്ഷിയ്ക്കാൻ എത്തിയത് 240 രക്ഷാപ്രവർത്തകരാണ്.
വെയിൽസിലെ ബ്രെക്കൺ ബീക്കണിലെ ഗുഹയിൽ കുടുങ്ങിയ ഒരാളെ നിരവധി രക്ഷാപ്രവർത്തകർ ഉൾപ്പെട്ട വൻ ഓപ്പറേഷന് ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. ബ്രെക്കൺ ബീക്കണിലെ ഗുഹാ സംവിധാനം പര്യവേക്ഷണം ചെയ്യുന്നതിനിടെ പരിചയസമ്പന്നനായ ഗുഹാ പര്യവേഷകൻ 50 അടി താഴ്ചയിലേക്ക് പതിച്ചു. എന്നാൽ വീഴ്ചയിൽ നിരവധി അസ്ഥികൾ ഒടിഞ്ഞു. ഭാഗ്യം കൊണ്ട് മാത്രം അയാൾക്ക് സഹായം തേടി ഫോൺ ചെയ്യാൻ സാധിച്ചു. യുകെയിലുടനീളമുള്ള സന്നദ്ധപ്രവർത്തകരും മറ്റ് നിരവധി റെസ്ക്യൂ ടീമുകളും അങ്ങനെ ഇദ്ദേഹത്തെ രക്ഷിക്കാൻ എത്തി.
240 പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. യുകെയിൽ നിന്നുള്ള എട്ട് രക്ഷാസംഘങ്ങളെങ്കിലും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 54 മണിക്കൂറിന് ശേഷം, അദ്ദേഹത്തെ ഗുഹയിൽ നിന്ന് വിജയകരമായി പുറത്തെടുത്തു.ആ ഗുഹയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാദൗത്യമായി ഇത് മാറി. എന്തായാലും താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ ഗുഹാ പര്യവേഷകൻ ചികിത്സയിലാണ്.
Story highlights- man who got trapped in a cave rescued