ട്രെയിൻ യാത്രക്കാർക്ക് വിശ്രമിക്കാൻ കൊച്ചുമുറികൾ; രാജ്യത്തെ ആദ്യ പോഡ് ഹോട്ടലുകൾ ഒരുങ്ങി
ട്രെയിൻ യാത്രക്കാർക്ക് വിശ്രമിക്കാൻ ക്യാപ്സൂൾ മുറികൾ ഒരുക്കി ഇന്ത്യൻ റെയിൽവേ. മുംബൈയിലാണ് രാജ്യത്തെ ആദ്യ പോഡ് ഹോട്ടലുകൾ ഒരുക്കിയിരിക്കുന്നത്. റെയിൽവേ സഹമന്ത്രി റാവുസാഹേബ് ധൻവേയാണ് പോഡ് ഹോട്ടലുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഒരാൾക്ക് മാത്രം കിടക്കാവുന്ന രീതിയിൽ എട്ടടി നീളവും ആറടി വീതിയുമുള്ള മുറികളാണ് ഇവിടെ എത്തുന്ന യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ട്രെയിൻ യാത്രക്കാർക്ക് ഒരു രാത്രി ചുരുങ്ങിയ ചിലവിൽ വിശ്രമിക്കാം എന്ന ആശയത്തിലാണ് ഈ ക്യാപ്സൂൾ മുറികൾ ഒരുക്കിയിരിക്കുന്നത്. 12 മണിക്കൂർ താമസിക്കുന്നതിന് 999 രൂപയും 24 മണിക്കൂറിന് 1999 രൂപയുമാണ് ഈ മുറികളുടെ ചാർജ്. അതേസമയം മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ഇത്തരത്തിലുള്ള 48 മുറികളുമായി വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവയിൽ ഏഴെണ്ണം സ്ത്രീകൾക്ക് വേണ്ടിയും ഒരെണ്ണം ഭിന്നശേഷിക്കാർക്ക് വേണ്ടിയും കുറച്ചുക്കൂടി സൗകര്യങ്ങളുമായി പത്തെണ്ണം സ്പെഷ്യൽ റൂമുകളായുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്പെഷ്യൽ മുറികൾക്ക് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി കുറച്ചധികം രൂപ ചാർജ് ഈടാക്കുന്നുണ്ട്.
— Ministry of Railways (@RailMinIndia) November 17, 2021
അതേസമയം മുറിയ്ക്കകത്ത് ടെലിവിഷൻ, വൈഫൈ, ലോക്കർ, കണ്ണാടി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ റൂമിന് പുറത്താണ് ശുചിമുറിയ്ക്കുള്ള സൗകര്യം.
Story highlights ; pod rooms in mumbai