‘ജയ് ഭീമി’ലെ യഥാർത്ഥ സെൻഗിണി ഇപ്പോഴും ദുരിതത്തിൽ- വീട് വെച്ചുനൽകാൻ രാഘവ ലോറൻസ്

November 9, 2021

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘ജയ് ഭീം’ വളരെയേറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിന് പ്രചോദനമായ പാർവതി അമ്മാൾ ഇന്നും ദുരിതക്കയത്തിലാണ്. സിനിമ ഹിറ്റായതോടെ പാർവതി അമ്മയുടെ ജീവിതവും ശ്രദ്ധനേടി. ഇപ്പോഴിതാ, നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറൻസ് പാർവതി അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇരുളർ ഗോത്രത്തിൽ പെട്ട രാജകണ്ണിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയപ്പോൾ ഭാര്യയായ സെൻഗിണിയും അഭിഭാഷകൻ ചന്ദ്രുവും നയിച്ച ഒരു സുപ്രധാന നിയമ പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പങ്കുവെച്ചത്. സെൻഗിണി എന്ന കഥാപാത്രം പാർവതി അമ്മയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത രാജകണ്ണിന്റെ ഭാര്യ പാർവതി അമ്മയുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അത് വല്ലാതെ സ്വാധീനിച്ചുവെന്നും അങ്ങനെയാണ് സഹായം ചെയ്യാൻ ഒരുങ്ങുന്നതെന്നും രാഘവ ലോറൻസ് വ്യക്തമാക്കുന്നു.

പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾ വളരെയധികം അസ്വസ്ഥനായെന്നും വീട് വെച്ച് നൽകാമെന്ന് വാക്ക് നൽകുകയുമായിരുന്നു എന്നും രാഘവ ലോറൻസ് പറയുന്നു. സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെയും മലയാളി നടി ലിജോമോളുടെയും പ്രകടനമാണ് കൈയടി നേടുന്നത്. ജയ് ഭീം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. 

സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്.

Story highlights- Raghava Lawrence promises house for Parvathi, whose life inspired Jai Bhim