മണൽത്തരികൾക്കിടയിൽ കുമിഞ്ഞുകൂടിയത് നാണയങ്ങളോ..?; അത്ഭുതപ്രതിഭാസത്തിന് പിന്നിൽ…
കടൽത്തീരത്ത് മണൽത്തരികൾക്ക് മുകളിലായി കിടക്കുന്ന കക്കകൾ സ്ഥിരം കാഴ്ചയാണ്. എന്നാൽ കടൽത്തീരത്ത് മണൽത്തരികൾക്ക് മുകളിലായി കിടക്കുന്ന നാണയങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൗതുകമാകുന്ന കാഴ്ച. അടുത്തിടെയാണ് യു എസിലെ ഒറഗൺ തീരപ്രദേശത്ത് കടലിൽ മണൽത്തരികളുടെ അതേ നിറത്തിലുള്ള നാണയങ്ങൾ പോലെ എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടത്. മണൽത്തരിയിൽ കിടക്കുന്ന ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം തിരഞ്ഞെത്തിയവരും നിരവധിയാണ്.
കടൽ ബിസ്കറ്റുകൾ എന്നും കടൽ നാണയങ്ങൾ എന്നുമൊക്കെ ആളുകൾ വിളിച്ച ഇവ ഒരുതരം കടൽ ജീവികളാണ്. കടലിന്റെ അടിത്തട്ടിൽ കണ്ടുവരുന്ന പരന്ന ശരീരപ്രകൃതമുള്ള ഒരുതരം ജീവികളാണ് ഇവ. അതേസമയം കടൽ വെള്ളത്തിൽ മാത്രമേ ഇവയ്ക്ക് ജീവിക്കാനാകു. അതുകൊണ്ടുതന്നെ കടൽ വേലിയേറ്റ സമയത്ത് തീരത്ത് എത്തുന്ന ഇവയ്ക്ക് തിരികെ കടലിലേക്ക് പോകാൻ കഴിയാതെ വന്നാൽ ഇവയുടെ ജീവൻ അവസാനിക്കും. മണലിലൂടെ തനിയെ ഇഴഞ്ഞ് നീങ്ങാൻ ഇവയ്ക്ക് കഴിവില്ലാത്തതിനാൽ തീരപ്രദേശത്ത് എത്തുന്ന ഇവ പിന്നീട് കടലിലേക്ക് പോകാൻ കഴിയാതെ കൂട്ടത്തോടെ ചത്തൊടുങ്ങും.
Read also: ലോകത്തിലെ ആദ്യ ഒഴുകും നഗരം വരുന്നു; 10,000 കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങും
വെള്ളത്തിൽ കഴിയുമ്പോൾ ഇവയ്ക്ക് തവിട്ടോ പർപ്പിൾ നിറമോ ആണ്. എന്നാൽ കരയിൽ എത്തുന്നതോടെ ഇവയ്ക്ക് മണലിന്റെ അതേ നിറമാകും. സാൻഡ് ഡോളറുകൾക്ക് കടലിന്റെ അടിത്തട്ടിലൂടെ നീങ്ങുന്നതിന് ആവശ്യമായ പ്രത്യേകതരം മുള്ളുകളും ഇവയുടെ ശരീരത്തിന്റെ പ്രത്യേകതയാണ്. കക്കയുടേതിന് സമാനമായ കട്ടിയുള്ള പുറംതോടാണ് ഇവയ്ക്കും ഉള്ളത്. അതുകൊണ്ടുതന്നെ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനായും ഇത് ഉപയോഗിക്കാറുണ്ട്.
Story highlights:Secret behind sand dollars