നിത്യ മേനോൻ നായികയായ ‘സ്കൈലാബ്’- ശ്രദ്ധനേടി ട്രെയ്‌ലർ

November 9, 2021

മലയാളത്തിന്റെ പ്രിയനായിക നിത്യ മേനോൻ തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകരുള്ള താരമാണ്. കൈനിറയെ ചിത്രങ്ങളുമായി വിവിധ ഭാഷകളിൽ സജീവമായ നിത്യ മേനോന്റെ പുതിയ ചിത്രമാണ് ‘സ്കൈലാബ്’. സത്യദേവ്, രാഹുൽ രാമകൃഷ്ണ എന്നിവർക്കൊപ്പം നിത്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി ഒരുക്കിയ രസകരമായ ചിത്രമാണ് സ്കൈലാബ്.

1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്ന സ്കൈലാബ് നാസയുടെ ആദ്യ സ്പേസ് സ്റ്റേഷൻ ആയിരുന്നു. പിന്നീട് തകർന്ന ഇതിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പലയിടത്തായി പതിക്കുമെന്ന് അന്ന് വലിയ വാർത്തകൾ തന്നെ വന്നിരുന്നു. ഈ ചിത്രത്തിലൂടെ സാധരണക്കാർ എങ്ങനെ അത്തരം കാര്യങ്ങളോട് പ്രതികരിക്കും എന്നാണ് രസകരമായി പങ്കുവയ്ക്കുന്നത്.

ആനന്ദ്,ഗൗരി, രാമ റാവു എന്നിങ്ങനെയാണ് സത്യദേവ്, നിത്യ മേനോൻ, രാഹുൽ രാമകൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങൾ. കരിംനഗർ ജില്ലയിലെ ബന്ദ ലിംഗമ്പള്ളി സ്വദേശികളായ ഇവർ സ്കൈലാബ് തകർന്നു വീഴുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അത് ഇവരുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: ഗുഹാ പര്യവേഷണത്തിനിടെ 50 അടി താഴ്ചയിലേക്ക് പതിച്ച് യുവാവ്; രണ്ടുദിവസത്തിന് ശേഷം പുറത്തെത്തിച്ചത് 240 രക്ഷാപ്രവർത്തകർ ചേർന്ന്- ചരിത്രമായൊരു രക്ഷാദൗത്യം

അതേസമയം, തെലുങ്കിൽ തിരക്കേറുകയാണ് നിത്യ മേനോന്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഭീംല നായക് എന്ന ചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയായി നിത്യ മേനോൻ ആണ് എത്തുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ഭീംല നായക്.

Story highlights- skylab trailer