താരാട്ടുപാട്ടുകളുടെ തമ്പുരാൻ; ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി’, അനിയന്റെ ഓർമകളിൽ ബിച്ചു തിരുമല എഴുതിയ ഗാനം…
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി’ മലയാളികൾ നെഞ്ചോടുചേർത്ത താരാട്ട് പാട്ട്. വാത്സ്യല്യവും നൊമ്പരവും ഒരുപോലെ നിറഞ്ഞ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത മലയാളികൾ ഉണ്ടാവില്ല. ഇളം മനസിന്റെ നോവും ‘അമ്മ വാത്സല്യവും ഒരുപോലെ പ്രതിധ്വനിച്ച ഗാനം തലമുറ വ്യത്യസമില്ലാതെ മലയാളികൾ ഏറ്റുപാടുമ്പോൾ നോവിന്റെ കഥകൂടിയുണ്ട് ഈ പാട്ടിന് പറയാൻ. രണ്ടര വയസിൽ എന്നെന്നേക്കുമായി വേർപിരിഞ്ഞുപോയ സഹോദരൻ ബാലഗോപാലന്റെ ഓർമകളാണ് ഈ വരികളിലൂടെ ബിച്ചു തിരുമല എഴുതിയത്.
വാത്സല്യം നിറഞ്ഞ പാട്ടുകൾ പിന്നെയും ബിച്ചു തിരുമലയുടെ തൂലികയിൽ വിരിഞ്ഞു. അമ്മയ്ക്ക് നീ തേനല്ലേ, ആയിരവല്ലി പൂവല്ലേ’, കണ്ണോട് കണ്ണോരം നീ കണിമരല്ലേ, ആരാരോ ആരിരാരോ, പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി തുടങ്ങി താരാട്ടുപാട്ടുകളും കുട്ടിപ്പാട്ടുകളും എഴുതി ബിച്ചു തിരുമല താരാട്ടുപാട്ടിന്റെ തമ്പുരാനായി.
പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍’, ‘കിലുകില് പമ്പരം തിരിയും മാനസം’, ‘മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ’, ‘തേനും വയമ്പും’, ‘കണ്ണാംതുമ്പീ പോരാമോ’, ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ’, ‘പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി’, ‘പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി’ തുടങ്ങിയ ഒട്ടനവധി ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ ഇന്ന് പുലർച്ചെയായിരുന്നു ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് ശാന്തികവാടത്തിൽ.
Story highlights: Story behind olathumbathirunn song