ഇംഗ്ലണ്ടിന്റെ തോൽവിയിലും താരമായി ജോസ് ബട്ലർ

December 21, 2021

ആഷസ് പരമ്പര കേവലം ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരമ്പര എന്നതിനപ്പുറത്തേക്ക്, ആവേശത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച് ആസ്വാദനത്തിന്റെ വലിയ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ്. ഇവിടെ തോൽക്കുന്നവർ ഒരുപിടി ചാരമായി മാറുകയും വിജയിക്കുന്നവർ വിജയത്തിന്റെ ‘ആഷസ്’ ഉയർത്തിപ്പിടിക്കുകയും ചെയ്യും. 2021 ആഷസ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോളും താരമായി ഉയർന്ന് നിന്നവരുടെ കൂട്ടത്തിൽ ഒരു ഇംഗ്ലണ്ട് കളിക്കാരനുണ്ടായിരുന്നു, ജോസ് ബട്ലർ.

രണ്ടാം മത്സരത്തിന്റെ അഞ്ചാം ദിനം ഓസിസ് ഉയർത്തിയ 468 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടരെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാതെയും പോയി വിജയം എന്നത് സ്വപ്നം കാണാനാകുന്നതിനും അപ്പുറവുമായി. സമനില നേടി പരമ്പരയിൽ വലിയ പ്രതീക്ഷകൾ ഉണ്ടാക്കുക എന്ന ചിന്തയിൽ ബട്ലർ പൊരുതിക്കൊണ്ടേ ഇരുന്നു. 207 പന്ത് നേരിട്ട് 26 റൺസ് നേടി ബട്ലർ നിർഭാഗ്യം കൊണ്ട് ഹിറ്റ്‌ വിക്കറ്റായി പുറത്താകുമ്പോൾ അവൻ തോൽവിയിലും ഹീറോ ആയി മാറുകയായിരുന്നു.

Read Also: മിയക്കുട്ടിയെപ്പോലെ സൂപ്പറാണ് ദീദി ദിയയും; അതിമനോഹരമായി പാട്ടുപാടി സഹോദരങ്ങൾ, വിഡിയോ

കൂട്ടിനാരുമില്ലാതിരുന്നിട്ടും സമനിലയ്ക്കായി പൊരുതി വീണ ഹീറോ. ഓസ്ട്രേലിയൻ പേസ് ബൗളിങ്ങിനെ സമർത്ഥമായി ബട്ലർ നേരിട്ട പോലെ നേരിടാൻ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ ആഷസിന്റെ രണ്ടാം മത്സരം ഇംഗ്ലണ്ടിൽ നിന്നും അകന്ന് പോകില്ലായിരുന്നു. ഈ പരമ്പരയിൽ ഫീൽഡിങ് മികവ് കൊണ്ട് പ്രശംസ നേടുമ്പോഴും നഷ്ടപ്പെടുത്തിയ ക്യാച്ചുകളുടെ പേരിൽ ക്രൂശിക്കപ്പെട്ടിരുന്നു ബട്ലർ എന്ന പോരാളി. പക്ഷെ ഈ ഒരൊറ്റ ഇന്നിംഗ്‌സ് കൊണ്ട് ക്രിക്കറ്റ്‌ ആസ്വാദക്കാരുടെ മനസിൽ വീണ്ടും കൂടുതൽ ആഴത്തിൽ പതിയുകയാണ് ബട്ലർ എന്ന പേര്. കാണികളുടെ ഹൃദയം കീഴടക്കി എന്നുള്ളതിന്റെ തെളിവാണ് പുറത്തായി മടങ്ങുമ്പോൾ അവർ നൽകിയ കൈയടികൾ. 2-0 ന് ഓസ്ട്രേലിയ ആഷസ് പരമ്പരയിൽ മുന്നിലാണ്. പരമ്പര നഷ്ടമാകാതിരിക്കാൻ ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങളിലൊന്നും തോൽക്കാനും പാടില്ല, അതുകൊണ്ട് തന്നെ പരമ്പര കൂടുതൽ ആവേശമുയർത്തുമെന്നുറപ്പാണ്.

Story highlights- Australia beat England in second Test despite Jos Buttler resistance