ലോക ബാഡ്മിന്റൺ വേദിയിൽ ഇന്ത്യയ്ക്ക് മധുരവും കണ്ണീരും; ലക്‌ഷ്യം തെറ്റാതെ ലക്ഷ്യ സെൻ

December 18, 2021

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരങ്ങൾക്ക് വിജയവും തോൽവിയും. അട്ടിമറികളോടെ ക്വാർട്ടറിലെത്തിയ മലയാളി താരം എച്ച് എസ് പ്രണോയിക്ക് തോൽവി പിണഞ്ഞു. സിംഗപ്പൂർ താരം ലോ കിംഗ് യൂവിനോടാണ് പ്രണോയ് തോൽവി സമ്മതിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. പ്രണോയ് തോറ്റെങ്കിലും കെ ശ്രീകാന്തും ലക്ഷ്യ സെന്നും സെമിയിലെത്തി. സെമിയിലെത്തിയതോടെ ഇരുവർക്കും മെഡലുറപ്പാണ്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ.

സെമിയിൽ ശ്രീകാന്തും ലക്ഷ്യ സെന്നും തമ്മിലാണ് മത്സരമെന്നതിനാൽ ഒരു ഇന്ത്യൻ താരം ഫൈനലിൽ എത്തുമെന്നുറപ്പാണ്. ക്വാര്‍ട്ടറില്‍ ചൈനീസ് താരം സാവോ ജുന്‍ പെങിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ മറികടന്നത്. മത്സരത്തിൽ ആദ്യ സെറ്റ് നേടിയ സെൻ രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി, നിർണായകമായ മൂന്നാം സെറ്റിൽ 19-20ന് പിന്നില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് സ്മാഷുകളിലൂടെ എതിരാളിയെ മറികടന്നാണ് ലക്ഷ്യ ലക്ഷ്യത്തിലെത്തിയത്. സ്കോര്‍ 21-15, 15-21, 22-20..

അതേസമയം മുന്‍ ജൂനിയര്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ലക്ഷ്യയുടെ മികച്ച പ്രകടനങ്ങളിലൊന്നായി ഇത് കാലങ്ങളോളം വാഴ്ത്തപെടുമെന്നുറപ്പാണ്. നെതര്‍ലന്‍ഡ്സ് താരം മാര്‍ക്ക് കാള്‍ജൗവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്. സ്കോര്‍ 21-8, 21-7. വെറും 26 മിനിറ്റുകൾ മാത്രമാണ് മത്സരം നീണ്ടുനിന്നത്.

Story highlights; badminton world championship