ബറോസിന് വീണ്ടും തുടക്കം- പ്രൊമോ ടീസർ പങ്കുവെച്ച് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ‘ബറോസ്’ വീണ്ടും ചിത്രീകരണം ആരംഭിക്കുകയാണ്. ചിത്രം ത്രീഡി ആയതുകൊണ്ടുതന്നെ പ്രത്യേകമായി സെറ്റ് ഒരുക്കിയാണ് ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോ ടീസർ എത്തിയിരിക്കുകയാണ്.
ടീസറിൽ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങളും അതോടൊപ്പം തന്നെ സംവിധായകനായുള്ള ഭാഗങ്ങളും കാണാം.സംവിധായകനായി ചുറുചുറുക്കോടെ നിർദേശങ്ങൾ നൽകി ഓടിനടക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. വേറിട്ട ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്.
നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ആദ്യം ചിത്രീകരിച്ച രംഗങ്ങളൊക്കെ വീണ്ടും ചിത്രീകരിക്കും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.
Read More: ആലിയുടെ കവിതകൾ ഇനി പുസ്തകരൂപത്തിൽ- മകൾക്കായി സുപ്രിയ ഒരുക്കിയ ക്രിസ്മസ് സമ്മാനം
ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.
Story highlights- Barroz Promo Teaser