വ്യത്യസ്ത ഭാവങ്ങളിൽ ദുൽഖർ സൽമാൻ; ‘ഹേ സിനാമിക’ പ്രേക്ഷകരിലേക്ക്
തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് ശേഷം ദുൽഖറിന്റേതായി റിലീസിനൊരുങ്ങുകയാണ് ഹേ സിനാമിക എന്ന തമിഴ് ചിത്രം. ഫെബ്രുവരി 25 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ഇപ്പോഴിതാ സിനിമ ആസ്വാദകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണുന്നത്. ‘ഹേയ് സിനാമിക’ സംവിധാനം ചെയ്യുന്നത് കൊറിയോഗ്രാഫർ ബൃന്ദയാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മധൻ കർക്കിയാണ്. റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രീത ജയരാമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.
അതേസമയം കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.
Story highlights:Dulquer Salman starring Hey Sinamika