സർഗ്ഗ വൈഭവവും അക്ഷര സ്ഫുടതയും ഒത്തിണക്കി മേഘ്‌നകുട്ടി പാടി ‘ഇന്ദുകലാമൗലി..’- ഓടിയെത്തി ചേർത്തണച്ച് വിധികർത്താക്കൾ; വിഡിയോ

December 21, 2021

ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും
സ്വർണ്ണമാൻ പേടയെന്റെ സഖിയായീ
കന്മദം മണക്കും കൈലാസത്തിലെ
കല്ലോലിനിയുമെന്റെ സഖിയായി
പ്രിയ സഖിയായീ..

ഈ മനോഹരവും അതിസൂക്ഷ്മവുമായ ഗാനം ഒരു ആറുവയസുകാരി പാടുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അത്രയധികം അക്ഷര സ്ഫുട്തയും സർഗ്ഗ വൈഭവവും ആവശ്യമാണ് വയലാറിന്റെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന് പി മാധുരി ആലപിച്ച ഈ ഗാനത്തിന്. എന്നാൽ, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഈ മുൻവിധികൾ കാറ്റിൽപറത്തി അതിഗംഭീരമായൊരു പ്രകടനം പിറന്നിരിക്കുകയാണ് മേഘ്‌നയിലൂടെ..

പാർവതി ദേവിയായി അണിഞ്ഞൊരുങ്ങി പാട്ടുവേദിയിലേക്ക് മേഘ്‌ന എത്തിയപ്പോൾ ജഡ്ജസ് പോലും പ്രതീക്ഷിച്ചിരുന്നില്ല, ഇനി അവർക്ക് മുന്നിലും ലോക മലയാളികൾക്ക് മുന്നിലും പിറക്കാൻ പോകുന്നത് വിസ്മയത്തിന്റെ നാലേകാൽ മിനിറ്റാണെന്ന്. പാട്ടിലുടനീളം ഈ കഴിവുറ്റ കുഞ്ഞുഗായിക കൈയടികൾ ഏറ്റുവാങ്ങി. ‘ചന്ദ്രിക ചന്ദന മുഴുക്കാപ്പു ചാർത്തും ഗന്ധമാദന ഗിരിക്കരികിലൂടെ..’, ‘വില്ലുമായ് മന്മഥൻ  പ്രദക്ഷിണം വെയ്ക്കും വെള്ളിമാമലയിലെ ലതാഗൃഹത്തിൽ..’ തുടങ്ങിയ വരികളൊക്കെ മേഘ്‌ന പാടിയപ്പോൾ ആസ്വാദനത്തിന്റെ മറ്റൊരു തലം തന്നെ കേൾവിക്കാരിലേക്ക് എത്തി. എത്ര വർണ്ണിച്ചാലും മതിവരാത്ത ആലാപനത്തിന്റെ മാസ്മരിക ലോകമാണ് മേഘ്‌ന ഈ ഗാനത്തിലൂടെ സമ്മാനിച്ചത്.

Read Also: നിവിൻ പോളി നായകനാകുന്ന ‘തുറമുഖം’ കാത്തിരിപ്പിനൊടുവിൽ ജനുവരി 20ന് തിയേറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുകയാണ്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- mekhna sumesh’s amazing top singer performance