“ഒരു വയസിനുള്ളില്‍ രണ്ട് സര്‍ജറികള്‍”; വൈറല്‍ പാട്ടുകാരന്‍ വേദൂട്ടന്റെ അതിജീവനകഥ!

December 29, 2023

മുത്തച്ഛന്റെ 70-ാം പിറന്നാളിന് ആലായാല്‍ തറ വേണം എന്ന മലയാളത്തനിമയുള്ള ഗാനത്തോടെ കേരളക്കര കീഴടക്കിയ വൈറല്‍ കുട്ടിത്താരം ജാദവേദ് കൃഷ്ണ ഫ്ലവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍. തന്റെ നാലാം വയസില്‍ താളാത്മകമായി പാട്ടുകൊണ്ട് വലിയ ശ്രദ്ധപിടിച്ചുപറ്റിയുട്ടുണ്ട് ജാതവേദ്. ഈ കൊച്ചുപ്രായത്തില്‍ നാടെങ്ങും ജാതവേദിന്റെ പാട്ടുകള്‍ ആഘോഷമാക്കുമ്പോള്‍ അതിജീവനത്തിന്റെ ഒരു കഥ കൂടി നാം അറിയേണ്ടതുണ്ട്. ( Life story of viral singer Jathaved Krishna )

തൃശൂര്‍ സ്വദേശി വൈശാഖ് കൃഷ്ണന്റെയും മലപ്പുറം സ്വദേശിനിയായ മൃദുലയുടെയും ഏകമകനാണ് ഏവരുടെയും മനംകവര്‍ന്ന ഈ കുട്ടിപ്പാട്ടുകാരന്‍. ജനനം മുതല്‍ ശ്വാസതടസം അടക്കം ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മുച്ചുണ്ട് സര്‍ജറി നടത്താനുള്ള പരിശോധനയിലാണ് നിരന്തരമായി അലട്ടിയിരുന്ന ശ്വാസതടസത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായത്. ന്യൂറോസംബന്ധമായ രോഗമാണ് ഇതിന്റെ കാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

തുടര്‍ന്ന് ജനിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജാദവേദ് ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആദ്യ സര്‍ജറി കഴിഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതോടെ ഏഴാം മാസത്തിലാണ് മുച്ചുണ്ടിനുള്ള സര്‍ജറി നടത്തിയത്. മൂന്നാം വയസില്‍ നടക്കാനാരംഭിച്ച ഈ കൊച്ചുമിടുക്കന്റെ പിന്നിടുള്ള മാറ്റങ്ങള്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതായിരുന്നു. സ്പീച്ച് തെറാപ്പിയുടെ സഹായമില്ലാതെയാണ് സംസാരിച്ചുതുടങ്ങിയത്.

മൂന്നാം വയസ് മുതല്‍ യൂട്യൂബ് നോക്കി പാട്ട് പഠിക്കുന്ന ജാതവിന് ഒരുപാട് പാട്ടുകള്‍ കാണാപാഠമാണ്. എല്ലാം ഒന്നിനൊന്ന് മനോഹരമായി പാടുകയും ചെയ്യും. മുത്തശ്ശിയും കുട്ടിപ്പാട്ടുകാരനെ പാട്ടുകള്‍ പഠിപ്പിക്കുന്നുണ്ട്.

Read Also : ‘ആലായാല്‍ തറ വേണം’; പാട്ടും കളിചിരിയുമായി ടോപ് സിംഗറിന്റെ പാട്ടുവേദി കീഴടക്കി വേദൂട്ടന്‍

ഒരു വയസിനുള്ളില്‍ രണ്ട് സര്‍ജറികള്‍ക്ക് വിധേയനായി രോഗങ്ങളോട് പടപൊരുതി വിജയം നേടിയ അത്ഭുതബാലനാണ് വേദൂട്ടന്‍. പാട്ടും കളിചിരി തമാശയുമായി ടോപ് സിംഗര്‍ വേദിയെ സന്തോഷത്തിലാക്കിയാണ് ജാദവേദും കുടുംബവും വേദി വിട്ടത്.

Story highlights : Life story of viral singer Jathaved Krishna