വീടിനുള്ളിൽ 444 ക്രിസ്മസ് ട്രീകളും, പതിനായിരത്തിലധികം അലങ്കാര വസ്തുക്കളും; റെക്കോർഡ് നേടിയ കുടുംബം

December 14, 2021

ലോകമെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ ആദ്യം മുതൽ ജനുവരി ആദ്യം വരെ നീളുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇത്തവണ പകിട്ടേറെയാണ്. കഴിഞ്ഞ രണ്ടുവർഷമായി ഡിസംബർ കൊവിഡിന്റെ പിടിയിലായിരുന്നു. ക്രിസ്മസിനെ വരവേൽക്കാൻ എല്ലാവരും വീടുകളിൽ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെയായി തയ്യാറെടുക്കുകയാണ്. എത്ര വലിയ ആഘോഷമാണെങ്കിലും ഒരു വീട്ടിൽ ഒരു ക്രിസ്മസ് ട്രീ എന്നതാണ് പൊതുവെ ഒരു രീതി. ഏറിവന്നാൽ രണ്ടോ മൂന്നോ ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്നവരുമുണ്ട്.

എന്നാൽ ക്രിസ്മസ് ട്രീകളുടെ എണ്ണത്തിലൂടെ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു കുടുംബം. ഒരു ജർമൻ കുടുംബമാണ് ക്രിസ്മസ് ട്രീയോടുള്ള സ്നേഹവും ആവേശവും വലിയതോതിൽ ആഘോഷമാക്കി റെക്കോർഡ് നേടിയിരിക്കുന്നത്. ജർമ്മനിയിലെ ലോവർ സാക്സോണിയിലുള്ള കുടുംബം അവരുടെ ഫ്ലാറ്റിൽ 444 ട്രീകളാണ് അലങ്കരിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ട്രീകളിലെല്ലാം കൂടി 10,000-ത്തിലധികം അലങ്കാര വസ്തുക്കളുമുണ്ട്.

തോമസ് ജെറോമിൻ എന്ന വ്യക്തിയാണ് ഇത്തരമൊരു ആഘോഷത്തിന് പിന്നിൽ. തന്റെ ഇടനാഴിയിലും കിടപ്പുമുറിയിലും ഓഫീസിലും അലങ്കരിച്ച പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകൾ നിറച്ചിരിക്കുകയാണ് അദ്ദേഹം.റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജർമ്മനിയാണ് ഡിസംബർ 6 ന് വീട് സന്ദർശിച്ചതിന് ശേഷം റെക്കോർഡ് സ്ഥിരീകരിച്ചത്.

Read More: മലയാളി സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കി ‘ഒരുത്തി’ ഗാനം; വൈറൽ ഗാനത്തിനൊപ്പം ഏറ്റ് പാടി പ്രേക്ഷകരും

നവംബറിലാണ് തോമസ് ജെറോമിനും ഭാര്യ സൂസന്നയും മരങ്ങൾ ശേഖരിച്ച് അലങ്കരിക്കാൻ തുടങ്ങിയത്. 100 ചതുരശ്ര മീറ്റർ ഫ്ലാറ്റിൽ മരങ്ങൾ അലങ്കരിക്കാൻ 47,000 ലൈറ്റുകൾ ഉപയോഗിച്ചു. 2020 ൽ അവർ 420 ക്രിസ്മസ് ട്രീകൾ ഒരുക്കിയിരുന്നു.

Story highlights- Family sets world record with 444 Christmas trees and 10,000 ornaments