പ്രിയപ്പെട്ട ഇച്ചാക്കയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മരക്കാർ ഡിസംബർ രണ്ടിന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് അർദ്ധരാത്രിയിൽ ആദ്യ ഷോ ആരാധകർ വരവേറ്റത്. വി എഫ് എക്സ് ദൃശ്യമികവും അഭിനേതാക്കളുടെ അതുല്യ പ്രകടനവുംകൊണ്ട് ശ്രദ്ധനേടുകയാണ് ചിത്രം. റിലീസിന് മുൻപ് തന്നെ ദേശീയ പുരസ്കാര നിറവിൽ എത്തിയ ചിത്രത്തിന് മികച്ച പിന്തുണ ലഭിച്ചിരുന്നു സിനിമാലോകത്തുനിന്നും. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.
‘മരക്കാർ അറബിക്കടലിന്റെ സിംഹം ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയ ലാലിനും പ്രിയനും അതിന്റെ പിന്നണിയിലുള്ള മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു’- എന്നാണ് മമ്മൂട്ടി കുറിച്ചത്. ഇതിന് മറുപടിയുമായി മോഹൻലാലും എത്തി. ‘പ്രിയപ്പെട്ട ഇച്ചാക്ക, നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി’എന്നാണ് മോഹൻലാൽ കുറിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരിക്കുകയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. 2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. നാവിക യോദ്ധാവും സാഹസികനുമായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പങ്കുവയ്ക്കുന്നത്. മലയാള സിനിമയിലെ മികച്ച മുഖ്യധാരാ സംവിധായകനായ പ്രിയദർശൻ ഒരുക്കുന്ന ചിത്രം വലിയ ആവേശമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Story highlights- Mammootty about marakkar