ലണ്ടനിൽ നിന്നും കൊൽക്കത്തയിലേക്ക് പത്തുരാജ്യങ്ങളിലൂടെ സർവീസ് നടത്തിയിരുന്ന ബസ്- ഒരു സുവർണ കാലത്തിന്റെ ഓർമ്മ

പത്തിലധികം രാജ്യങ്ങൾ കടന്ന് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് ഒരു ബസ് സർവീസ്..സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല, അല്ലെ? ഗതാഗത സൗകര്യങ്ങൾ ഏറ്റവും വേഗതയിൽ പുരോഗമിക്കുമ്പോൾ ഈ ചിന്ത ഒരു തമാശയാകാം. പക്ഷെ വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു സർവീസ് നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ പ്രചരിക്കുകയാണ്.
1957 ലായിരുന്നു ഈ സർവീസ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും ആരംഭിച്ച് ഒട്ടേറെ രാജ്യങ്ങൾ കടന്ന് പാകിസ്താൻ വഴി ഇന്ത്യയിലെ കൊൽക്കത്തയിൽ എത്തും. കൊൽക്കത്ത ബസ്-ഓ-പീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ബസ് ചർച്ചയായത്. രോഹിത് കെ ദാസ്‌ഗുപ്‌ത എന്ന വ്യക്തി ബസിന്റെയും യാത്രക്കാരുടെയും ചിത്രങ്ങളടക്കം ട്വിറ്ററിൽ പങ്കുവെച്ചതോടെ ബസ് വീണ്ടും വൈറലായി.
കൊൽക്കത്ത ബസ്-ഓ-പീഡിയ എന്ന ഫേസ്ബുക്ക് പേജ് പറയുന്നതനുസരിച്ച് 1957 ഏപ്രിൽ 15നാണ് ബസ് ആദ്യ യാത്ര ഇന്ത്യയിലേക്ക് തിരിച്ചത്. ജൂൺ അഞ്ചിനാണ് യാത്ര കൊൽക്കത്തയിൽ അവസാനിച്ചത്. ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴിയാണ് ബസ് ഇന്ത്യയിൽ എത്തിച്ചേർന്നത്.
ഒരു വിനോദ യാത്ര എന്ന നിലക്കാണ് ഈ ബസ് സഞ്ചരിച്ചിരുന്നത്. കാരണം ഇത്രയധികം ദിവസങ്ങൾ യാത്ര ചെയ്യേണ്ടതുണ്ട്. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലുമൊക്കെ യാത്രികർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും കാബൂൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗ് നടത്താനും അനുവദിച്ചിരുന്നു.
Read Also: ‘ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി..’; ഹൃദയം കീഴടക്കിയ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പ്രേക്ഷകരിലേക്ക്
അന്ന് 85 പൗണ്ട് സ്റ്റെർലിങ് അതായത് 8,019 രൂപയാണ് യാത്ര ചിലവായിരുന്നത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെട്ട ബസായിരുന്നു ഇത്. ബസിനുള്ളിൽ ചിലവഴിക്കാനും ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഈ തുകയിൽ ഭക്ഷണവും ഉൾപ്പെട്ടിരുന്നു. 1970 വരെ ഈ സർവീസ് നിലനിന്നിരുന്നു.