‘മിന്നൽ മുരളി’യിൽ ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു; വിഡിയോ പങ്കുവെച്ച് ബേസിൽ
ടൊവിനോ തോമസ് നായകനായ സൂപ്പർഹീറോ ചിത്രം വിജയകരമായി പ്രേക്ഷകരുടെ മനസ് കീഴടക്കുന്നത് തുടരുകയാണ്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ എത്തിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ നടി ഐശ്വര്യ ലക്ഷ്മിയും ഭാഗമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബേസിൽ ജോസഫ്.
മിന്നൽ മുരളി കണ്ട ആരും ഐശ്വര്യ ലക്ഷ്മിയെ സിനിമയിൽ കണ്ടിട്ടില്ല. പക്ഷെ ചിത്രത്തിൽ ഒരു ശബ്ദമായി ഐശ്വര്യ ലക്ഷ്മി ഉണ്ടായിരുന്നു. ‘അപ്പോൾ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ ടീച്ചറെ’ എന്ന ശബ്ദം ഐശ്വര്യ ലക്ഷ്മിയുടേതായിരുന്നു. ഐശ്വര്യ ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ വിഡിയോ ആണ് ബേസിൽ ജോസഫ് പുറത്തുവിട്ടിരിക്കുന്നത്.
ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Story highlights-Minnal murali dubbing cameo aiswarya lakshmi