മിയക്കുട്ടിയെപ്പോലെ സൂപ്പറാണ് ദീദി ദിയയും; അതിമനോഹരമായി പാട്ടുപാടി സഹോദരങ്ങൾ, വിഡിയോ

പാട്ട് വേദിയിലെ ഇഷ്ടഗായികയാണ് മിയ മെഹക്. അതിമനോഹരമായ ആലാപനത്തിനൊപ്പം മിയക്കുട്ടിയുടെ കുസൃതിയും കൊച്ചുവർത്തമാനങ്ങളും ഈ കുരുന്നിന് ഇതിനോടകം നിരവധി ആരാധകരെ നേടികൊടുത്തതാണ്. ഇപ്പോഴിതാ മിയക്കുട്ടിക്കൊപ്പം ടോപ് സിംഗർ വേദിയിൽ പാട്ട് പാടാൻ എത്തിയിരിക്കുകയാണ് മിയയുടെ മൂത്ത സഹോദരി ദിയ.
‘കല്ലായി പുഴയൊരു മണവാട്ടി’ എന്ന മിയക്കുട്ടിയുടെ പാട്ടിന് ശേഷം വേദിയിൽ എത്തിയ ദിയ ആയിഷ ജഡ്ജസിന്റെ ആവശ്യപ്രകാരം ‘കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും..’ എന്ന ഗാനമാണ് ആലപിച്ചത്. ഇതിന് ശേഷം മിയക്കുട്ടിയും സഹോദരി ദിയയും ചേർന്ന് മറ്റൊരു മനോഹര ഗാനവും വേദിയിൽ ആലപിക്കുന്നുണ്ട്. മിയക്കുട്ടിയെപ്പോലെത്തന്നെ അതിമനോഹരമായാണ് ദിയയും പാട്ട് പാടുന്നത്. പ്ലസ് റ്റു വിദ്യാർത്ഥിനിയായ ദിയയാണ് മിയക്കുട്ടിക്ക് ടോപ് സിംഗർ വേദിയിൽ പാടാൻ പാട്ടുകൾ തിരഞ്ഞെടുത്തത് കൊടുക്കുന്നതും പരിശീലനം നൽകുന്നതും. ഫോർട്ട് കൊച്ചി സ്വദേശിയാണ് മിയക്കുട്ടി.
കുരുന്നു ഗായക പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ടോപ് സിംഗർ ആദ്യ സീസൺ ഏറ്റെടുത്ത പ്രേക്ഷകർ രണ്ടാം സീസണെയും ഹൃദയത്തിലേറ്റിക്കഴിഞ്ഞു. പാട്ടുവേദിയിലെ കുരുന്നുകളുടെ ഗാനങ്ങൾ ആസ്വദിക്കുന്നതിനൊപ്പം അവരുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനായും കുരുന്ന് പ്രതിഭകളെ കാണാനുമായി കാത്തിരിക്കാറുണ്ട് പാട്ട് പ്രേമികൾ.
story highlights; Miya mehak sings with Sister Diya