‘കുറുപ്പി’ന് ശേഷം ‘അലക്‌സാണ്ടർ’; ദുൽഖർ സൽമാൻ- ശ്രീനാഥ്‌ രാജേന്ദ്രൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു

December 16, 2021

തിയേറ്ററുകളെ മുഴുവൻ ആവേശത്തിലാഴ്ത്തിയാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് പ്രേക്ഷകരിലേക്കെത്തിയത്. കുറുപ്പിന് രണ്ടാം ഭാഗം വരുമോ എന്ന് പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അതിനുള്ള ഒരു സൂചന പങ്ക് വെച്ചിരിക്കുകയാണ്. അലക്സാണ്ടറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദുൽഖർ സൽമാനാണ് മോഷൻ പോസ്റ്റർ പുറത്തു വിട്ടത്.

അതേസമയം ഈ സിനിമയ്ക്ക് കുറുപ്പ് സിനിമയുടെ പ്രമേയവുമായി ബന്ധമില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. കുറുപ്പിന്റെ അവസാന ഭാഗത്ത് അലക്‌സാണ്ടർ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്, ആ വേഷത്തിൽ തന്നെയായിരിക്കും പുതിയ ചിത്രത്തിൽ ദുൽഖർ എത്തുക എന്നുമാണ് റിപ്പോർട്ടുകൾ. കുറുപ്പിന് ശേഷം ദുൽഖർ സൽമാനും സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്.

Read also; കീർത്തിയ്‌ക്കൊപ്പം ഗാനചിത്രീകരണത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് സഹോദരി – നീയേ എൻ തായേ മേക്കിംഗ് വിഡിയോ

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചത്. ശോഭിത ധുലിപാലയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി വേഷമിട്ടത്. കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിലുണ്ട്.

Story highlights; Dulquer salman Sreenadh Rajendran alexander coming soon