ഇത് ആരാധകർക്ക് വേണ്ടികൂടിയുള്ള വിജയം; മുംബൈക്കെതിരെ വിജയം നേടി ബ്ലാസ്റ്റേഴ്‌സ്
വിജയമാഗ്രഹിച്ചിരുന്നെങ്കിലും ഇത്ര മികവാർന്നൊരു വിജയം മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകുമെന്ന് കടുത്ത ആരാധകർ പോലും വിചാരിച്ചിരുന്നില്ല എന്നതാണ് സത്യം. ലീഗിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന, മുൻ വർഷത്തെ ചാമ്പ്യൻ ടീമിനെ നിലം പരിശാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈയുടെ കളി മികവിനെ ഗോളുകൾ കൊണ്ട് മറികടന്നുള്ള വിജയം. എതിരില്ലാതെ 3 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിജയം കൊയ്തത്. അനിവാര്യതയുടെ മുകളിൽ ഒരു അനിവാര്യതയുണ്ടെങ്കിൽ അത്രയ്ക്കും ആവശ്യമായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം. അത് പോയിന്റ് ടേബിളിൽ ഉയർച്ചക്ക് ഉപകരിക്കും എന്നതിനൊപ്പം ആരാധക കൂട്ടത്തെ ആഘോഷങ്ങളിലേക്ക് നയിക്കുമെന്നും ബ്ലാസ്റ്റേഴ്‌സിന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് വിജയം ആരാധകർക്ക് സമർപ്പിച്ചത്.
കളിയിൽ 61 ശതമാനം സമയവും ബോൾ വരുതിക്ക് വെച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിൽ പന്തെത്തിക്കാൻ ചാമ്പ്യൻ ടീമിനായില്ല എന്നത് ബ്ലാസ്റ്റേഴ്സിന്റെ ഒരു മനസായുള്ള പോരാട്ട വീര്യത്തിൻന്റെ തെളിവാണ്. കഴിഞ്ഞ മത്സരങ്ങളിൽ പറയത്തക്ക മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പഴികേട്ട സഹലിന്റെ ബൂട്ടിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. സഹലിന്റെ ബുള്ളറ്റ് ഷോട്ടിന് മറുപടി നല്കാൻ മുംബൈ പ്രതിരോധ താരങ്ങൾക്കും ഗോളിക്കും കഴിഞ്ഞില്ല. മധ്യ നിരയിൽ തിളങ്ങുമ്പോളും ഗോളടിക്കാൻ മറക്കുന്നു എന്ന സ്ഥിരം വിമർശനത്തെ ഈ ഐ എസ് എൽ സീസണിലൂടെ മാറ്റിക്കുറിക്കുകയാണ് മലയാളികളുടെ അഭിമാനം സഹൽ. ജീക്സൺ സിങ് ഉയർത്തി നൽകിയ പന്തിനെ കിടിലൻ എന്ന് വിശേഷിപ്പിച്ചാൽ മതിയാകാത്ത അത്ര മികവാർന്ന് പോസ്റ്റിലേക്ക് തിരിച്ച് വിട്ട് അൽവാരോ വാസ്‌കസ് ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോൾ സമ്മാനിച്ചു. ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം വാസ്‌ക്കസിനെ തേടിയെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
Read Also:മിയക്കുട്ടിയെപ്പോലെ സൂപ്പറാണ് ദീദി ദിയയും; അതിമനോഹരമായി പാട്ടുപാടി സഹോദരങ്ങൾ, വിഡിയോ
രണ്ടാം ഗോളിന്റെ ആഘോഷം അവസാനിക്കും മുൻപേ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോൾ നേടി. 51 മിനുട്ടിൽ പെരേര ഡയസ് പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. മുംബൈ പ്രതിരോധ താരം ഫാൾ 50 മിനുട്ടിൽ ചുവപ്പ് കാർഡ് പുറത്തായത് മുംബൈക്ക് കനത്ത തിരിച്ചടിയായി. ഈ തോൽവി പോയിന്റ് ടേബിളിൽ മുംബൈക്ക് സ്ഥാനചലനം ഉണ്ടാക്കിയില്ലെങ്കിലും വലിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് ഉറച്ചിരിക്കാനുള്ള അവസരം നഷ്ടമായി.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 9 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയർന്നു. വലിയ ആത്മവിശ്വസത്തോടെ വരും മത്സരങ്ങൾക്കിറങ്ങാൻ ഈ വിജയം ബ്ലാസ്‌റ്റേഴ്‌സിനെ സഹായിക്കുന്നുറപ്പാണ്.
Story highlights- mumbai v/s kerala blasters