‘ഇപ്പോഴാണ് ഭാസിപിള്ളയെ കാണാൻ സാധിച്ചത്’- ഷൈൻ ടോം ചാക്കോയുടെ പ്രകടനത്തിന് അഭിനന്ദനവുമായി മുരളി ഗോപി

വലിയ വിജയമായി മാറിയിരിക്കുകയാണ് കുറുപ്പ്. ഏറെക്കാലത്തിന് ശേഷം തിയേറ്ററുകളെ സജീവമാക്കിയ ചിത്രം എന്ന നിലയിലും കുറുപ്പിന് സ്വീകാര്യത ഏറെയാണ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഇപ്പോൾ ഓടിടിയിലും മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയമായ സ്ഥാനം കഥാഗതിയിലും പ്രകടനത്തിലും വഹിച്ചെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഭാസിപിള്ള എന്ന കഥാപാത്രമാണ്.
നടൻ ഷൈൻ ടോം ചാക്കോയാണ് ഭാസിപിള്ളയെ അവിസ്മരണീയമാക്കിയത്. ഇപ്പോഴിതാ, ഷൈൻ ടോം ചാക്കോയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുരളി ഗോപി. ‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാൻ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാൻ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കിൽ, ഒരേയൊരു… പാവന പുരസ്കാരം. ആ നിലയിൽ, ഇതിനു മുൻപും ഷൈൻ പുരസ്കൃതനാണ്. ഇത് ഒരു സ്വർണപ്പതക്കവും. “ഗദ്ദാമ”യിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നവൻ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരൻ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന’- മുരളി ഗോപിയുടെ വാക്കുകൾ.
Read More: മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ‘നാരദന്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Story highlights- murali gopi about shine tom chacko