സമീപകാല രാഷ്ട്രീയ ചിരി കാഴ്ചകളുമായി ‘ആനപോലൊരു വണ്ടി..’; ശ്രദ്ധനേടി ‘ഒരു താത്വിക അവലോകന’ത്തിലെ ഗാനം
താത്വികമായ ഒരു അവലോനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… ശങ്കരാടിയുടെ ഈ ഡയലോഗ് ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. സന്ദേശം എന്ന സിനിമ തിയേറ്ററുകളിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും വിട്ടകന്നിട്ടില്ല സിനിമയുടെ ഓര്‍മ്മകള്‍. ശങ്കരാടിയുടെ ഡയലോഗിലെ ‘ഒരു താത്വിക അവലോകനം’ എന്ന വാക്കും ഹിറ്റായി. ഈ പേരില്‍ ഒരു സിനിമയൊരുങ്ങുന്നു എന്നറിഞ്ഞതുമുതൽ ഏറെ ആവേശത്തിലാണ് സിനിമ പ്രേമികൾ.
ജോജു ജോര്‍ജ്, നിരഞ്ജന് രാജു എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് നിര്‍മിക്കുന്ന ചിത്രം മാക്സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്. അജു വർഗ്ഗീസ്, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഇന്ന് മുതൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണ് പാട്ട് പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘ആനപോലൊരു വണ്ടി..’ എന്നാരംഭിക്കുന്ന ഗാനം സമീപകാല രാഷ്ട്രീയ ചിരി കാഴ്ചകളാണ് പങ്കുവയ്ക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ഒ.കെ. രവിശങ്കർ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്.
Read also: നടൻ ജി കെ പിള്ള അന്തരിച്ചു
അതേസമയം, പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെയും ഒരു കോണ്ട്രാക്ടറുടെയും ജീവതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ സമീപകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുകയാണ് ഒരു താത്വിക അവലോകനം. ജോജു ജോർജാണ് ചിത്രത്തിൽ കോണ്‍ട്രാക്ടറെ അവതരിപ്പിക്കുന്നത്.