‘പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…അവിടേക്കാണ് ലാലേട്ടൻ വന്നത്’- മോഹൻലാലിനെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി റഹ്മാൻ
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായത്. അൽതാഫ് നവാബാണ് റുഷ്ദയുടെ വരൻ. മലയാളം- തമിഴ് സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മലയാളത്തിൽ നിന്നും നടൻ മോഹൻലാൽ ഭാര്യ സുചിത്രക്കൊപ്പമാണ് പങ്കെടുത്തത്. ഇപ്പോഴിതാ, മകളുടെ വിവാഹച്ചടങ്ങിൽ മോഹൻലാൽ പങ്കെടുത്ത സന്തോഷം പങ്കുവയ്ക്കുകയാണ് റഹ്മാൻ.
റഹ്മാന്റെ കുറിപ്പ്;
എന്റെ പ്രിയപ്പെട്ട ലാലേട്ടന്…ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ.കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു.മകളുടെ വിവാഹം.ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്…ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ…കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആർടിപിസിആർ പരിശോധന നടത്തി…ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…പ്രിയപ്പെട്ട ലാലേട്ടാ… സുചി…നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല.ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക?സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല.നന്ദി…ഒരായിരം നന്ദി…സ്നേഹത്തോടെ,റഹ്മാൻ, മെഹ്റുന്നിസ.
Read More: നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി
ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം മികച്ച വേഷങ്ങൾ അവതരിപ്പിച്ചിരുന്നു താരം.
Story highlights- rahaman about mohanlal