ഇത് കോശി കുര്യനല്ല ഡാനിയൽ ശേഖർ; റാണയുടെ ഗംഭീരപ്രകടനത്തിന് നിറഞ്ഞ കൈയടി, ട്രെയ്‌ലർ

December 14, 2021

മലയാള ചലച്ചിത്ര ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. മരണം കവര്‍ന്നെടുക്കും മുന്‍പ് പ്രിയ കലാകാരന്‍ സച്ചി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്ക് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

നിലവില്‍ തെലുങ്ക് പതിപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടി ആണ്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡാനിയല്‍ ശേഖര്‍ എന്നാണ് തെലുങ്കില്‍ കഥാപാത്രത്തിന്റെ പേര്. റാണയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

ബിജു മേനോന്‍ അനശ്വരമാക്കിയ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്. ഭീംല നായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. തെലുങ്ക് പതിപ്പിന് നല്‍കിയിരിക്കുന്ന പേരും ഭീംല നായക് എന്നുതന്നെയാണ്.

Read also; കപ്പലിലെ ആ യുദ്ധരംഗങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

സാഗര്‍ കെ ചന്ദ്ര ആണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം. ഹൈദ്രാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2022-ല്‍ തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ സോങും ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Rana Daggubati film teaser