കുളപ്പുള്ളി ലീലയുടെ ഹിറ്റ് ഡയലോഗിന് അനുകരണം ഒരുക്കി ശരണ്യ മോഹൻ- വിഡിയോ

December 21, 2021

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. കോമഡി വേഷങ്ങളാണ് കുളപ്പുള്ളി ലീലയുടെ മാസ്റ്റർ പീസ് എന്നുതന്നെ പറയാം. ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കസ്തൂരിമാൻ എന്ന സിനിമയിലെ അമ്മായിയമ്മയുടെ വേഷമാണ് ഏറ്റവും ഹിറ്റായിട്ടുള്ളത്. ചിത്രത്തിലെ താരത്തിന്റെ ഡയലോഗുകളും ഭാവങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ചിരിപടർത്താറുണ്ട്.

ഇപ്പോഴിതാ, കസ്തൂരിമാനിലെ ഒരു രംഗത്തിന് അനുകരണം ഒരുക്കിയിരിക്കുകയാണ് നടി ശരണ്യ മോഹൻ. അതേവേഷവിധാനങ്ങളോടെ വളരെ രസകരമായാണ് ശരണ്യ അനുകരിച്ചിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ ശരണ്യ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ പ്രഗത്ഭയാണ്. വിവാഹശേഷം അഭിനയ ലോകത്തോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലും നൃത്തവേദികളിലുമെല്ലാം ശരണ്യ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ശരണ്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വളരെവേഗം ശ്രദ്ധനേടാറുണ്ട്.

Read More: നിവിൻ പോളി നായകനാകുന്ന ‘തുറമുഖം’ കാത്തിരിപ്പിനൊടുവിൽ ജനുവരി 20ന് തിയേറ്ററുകളിലേക്ക്

ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്.

Story highlights- saranya mohan imitates kulappulli leela