സിബിഐ സെറ്റിൽ മമ്മൂട്ടിയെ കാണാൻ എത്തിയ ശോഭന; ചിത്രത്തിന് മികച്ച സ്വീകാര്യത
മലയാള സിനിമ ആസ്വാദകരുടെ ഒരു കാലത്തെ ഇഷ്ടജോഡികൾ ആയിരുന്നു മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ മുഴുവൻ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടിയും നർത്തകിയുമായ ശോഭന. മമ്മൂട്ടി മുഖ്യകഥാപാത്രമാകുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. ‘ക്യാപ്റ്റനെ കണ്ടു ഫാൻ മൊമന്റ്’ എന്ന ക്യാപ്‌ഷനോടെയാണ് ശോഭന ചിത്രം പങ്കുവെച്ചത്.
21 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആണ് മമ്മൂട്ടിയും ശോഭനയും ഒന്നിച്ച അവസാന ചിത്രം. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്ത വിഡിയോകളുമായി സോഷ്യൽ ഇടങ്ങളിലെ സജീവ സാന്നിധ്യമാണ് ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന അനൂപ് സത്യൻ ചിത്രത്തിലാണ് അവസാനമായി ശോഭന അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിയിലെത്തിയ ശോഭന ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമ കൂടിയാണ്.
Read also: മനോഹര പ്രണയ ഗാനവുമായി വിക്രമും കീർത്തിയും; ‘സാമി 2’ലെ പുതിയ ഗാനം കാണാം
അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് മമ്മൂട്ടി. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമ പ്രേമികൾ. അതിന് പുറമെ വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Story highlights; Shobhana meets Mammootty