‘ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നി’- ഇന്ദ്രൻസിന്റെ അഭിനന്ദിച്ച് സിദ്ധാർഥ്

December 11, 2021

അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇന്ദ്രൻസ് വേഷമിട്ടത്. ചിത്രം മലയാളത്തിൽ മാത്രമല്ല, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അഭിനന്ദനം ഏറ്റുവാങ്ങി. ഇപ്പോഴിതാ, ചിത്രത്തിനും ഇന്ദ്രൻസിന്റെ അഭിനയത്തിനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ സിദ്ധാർഥ്.

‘എനിക്ക് ഈ സിനിമ ‘ഹോം’ വളരെ ഇഷ്ടപ്പെട്ടു!
ഇന്ദ്രൻസ് ചേട്ടൻ എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നി. ദൈവത്തിന് നന്ദി, എങ്ങനെ അഭിനയിക്കണമെന്നും അർത്ഥവത്തായ സിനിമകൾ നിർമ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിർന്ന അഭിനേതാക്കൾ ഇപ്പോഴും നമുക്കുണ്ട്…

ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകൾ വരുന്നുണ്ട്.ഒരു കലാകാരനെന്ന നിലയിൽ ഞാൻ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്നേഹം. ഈ ചിത്രത്തിനായി ഒത്തുചേർന്ന എല്ലാ ഹൃദയങ്ങൾക്കും മനസ്സുകൾക്കും വലിയ പ്രോപ്‌സ്. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അർഹിക്കുന്നു.’- സിദ്ധാർത്ഥിന്റെ വാക്കുകൾ.

അതേസമയം, ചിത്രം ബോളിവുഡിലേക്ക് ചേക്കേറുകയാണ്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം. 

Read More: നമ്മളിപ്പോൾ സ്വർഗ്ഗത്തിലോ നരകത്തിലോ?- ‘മ്യാവൂ’ ട്രെയ്‌ലർ എത്തി

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 19-നാണ് ചിത്രം റിലീസ് ചെയ്തത്. റോജിന്‍ തോമസ് ആണ് മലയാളത്തിൽ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  രാഹുല്‍ സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights- sidharth about home movie