കാത്തിരിപ്പിനൊടുവിൽ ‘ഒരു താത്വിക അവലോകനം’ നാളെമുതൽ തിയേറ്ററുകളിലേക്ക്

December 30, 2021

‘ഒരു താത്വിക അവലോകനം’.. പേര് അനൗൺസ് ചെയ്തതുമുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു താത്വിക അവലോകനം. ചിത്രത്തിൽ ജോജു ജോർജ്, നിരഞ്ജൻ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീവർഗീസ് യോഹന്നാൻ നിർമിക്കുന്ന ചിത്രം മാക്‌സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്. അജു വർഗ്ഗീസ്,ജയകൃഷ്ണൻ,പ്രശാന്ത് അലക്സാണ്ടർ,മേജർ രവി എന്നിവരാണ് ജോജുവിനും നിരഞ്ജനും പുറമെ വേഷമിടുന്നത്.

ചിത്രം ഡിസംബർ 31ന് തിയേറ്റർ റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെയും ഒരു കോണ്ട്രാക്ടറുടെയും ജീവതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ സമീപകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുകയാണ് ഒരു താത്വിക അവലോകനം. ജോജു ജോർജാണ് ചിത്രത്തിൽ കോണ്ട്രാക്ടറെ അവതരിപ്പിക്കുന്നത്.

Read Also: ‘മിന്നൽ മുരളി’യിൽ ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു; വിഡിയോ പങ്കുവെച്ച് ബേസിൽ

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചിത്രത്തിലെ ഒരു ഡയലോഗാണ് ‘താത്വിക അവലോകനം’ എന്നത്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന കാര്യമാണ് സന്ദേശം എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. 1991 -ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം തിയേറ്ററിൽ എത്തി മുപ്പത് വർഷം പിന്നിടുമ്പോൾ ആ ചിത്രത്തിലെ ഒരു ഡയലോഗ് സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികൾ.

Story highlights- thathvika avalokanam movie releasing tomorrow