കപ്പലിലെ ആ യുദ്ധരംഗങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ
തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളെപോലെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ സെറ്റും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച കപ്പൽ ഉണ്ടാക്കുന്നതിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് കപ്പലുകളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയത്.ഒന്നര ഏക്കറോളം വിസ്തൃതിയിൽ നിർമിച്ച ടാങ്കിൽ വെള്ളം നിറച്ചാണ് സിനിമയിലെ കടലും തിരയും കൊടുങ്കാറ്റുമെല്ലാം ഇവിടെ ഒരുക്കിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അവയുടെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവെച്ച് ആഞ്ഞുവലിച്ചാണ് തിരമാലകൾ സൃഷ്ടിച്ചെടുത്തത്. വെള്ളത്തിൽ ടൺ കണക്കിന് സോപ്പുപൊടിയും മറ്റും കലർത്തിയാണ് തിരമാലയിൽ പത ഒരുക്കിയെടുത്തത്. അങ്ങനെ കപ്പലിലെ ഷോട്ടുകളും യുദ്ധത്തിന്റെ രംഗങ്ങളുമെല്ലാം വളരെയധികം ആളുകൾ കഷ്ടപ്പെട്ടാണ് ഒരുക്കിയിരിക്കുന്നത്.
Read also: ഈണം നൽകി ബിജിബാൽ, അതിമനോഹരമായി ആലപിച്ച് ചിത്ര; ആസ്വാദകമനംതൊട്ട് ‘തിരമാലയാണ് നീ..’
പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Story Highlights: The Back story of Battleship