ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് വിശാഖപട്ടണത്ത് വലയിൽ കുടുങ്ങി- സുരക്ഷിതമായി തിരിച്ചയച്ചു

December 23, 2021

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് വിശാഖപട്ടണം തീരത്ത്. മത്സ്യബന്ധന വലയിൽ കുടുങ്ങിയ കൂറ്റൻ തിമിംഗല സ്രാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കടലിലേക്ക് തിരിച്ചുവിട്ടു. തന്താടി ബീച്ചിലെ മത്സ്യബന്ധന വലയിലാണ് മത്സ്യം കുടുങ്ങിയത്.പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാകാറുണ്ട്. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള കുഞ്ഞു മത്സ്യങ്ങളെയൊക്കെ ഗിൽ റാക്കറുകൾ ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം ശേഖരിക്കുന്നത്. മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്.

ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു. ഒട്ടേറെ ദൂരം സഞ്ചരിക്കുന്നവയാണ് തിമിംഗല സ്രാവുകൾ.വിശാഖപട്ടണത്തെ വനംവകുപ്പ്, മത്സ്യത്തൊഴിലാളികൾ, വന്യജീവി സംരക്ഷകർ എന്നിവരുടെ വൻ ഏകോപനത്തോടും സഹകരണത്തോടും കൂടിയാണ് 2 ടൺ ഭാരമുള്ള ഈ മത്സ്യത്തെ ജീവനോടെ കടലിലേക്ക് തിരികെ എത്തിക്കാൻ സാധിച്ചത്.

Read Also:‘എന്താ ഇത്ര ഇഷ്ടമാവാൻ കാരണം’; മനോഹര പ്രണയകഥയുമായി മധുരം പ്രേക്ഷകരിലേക്ക്, ട്രെയ്‌ലർ

ഇനിയും ആഴക്കടലിൽ ഇവയുടെ ചലനങ്ങളും മറ്റും മനസ്സിലാക്കാൻ സഹായിക്കുമെന്നതിനാൽ തിരിച്ചറിയുന്നതിനായി സ്രാവിന്റെ നിരവധി ചിത്രങ്ങൾ ശേഖരിച്ച് മാലിദ്വീപ് തിമിംഗല സ്രാവ് ഗവേഷണ പദ്ധതിയിലേക്ക് അയച്ചിട്ടുമുണ്ട്.തിമിംഗല സ്രാവുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങി വലകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Story highlights- Whale shark tuck in net off Vishakhapatnam