‘എന്താ ഇത്ര ഇഷ്ടമാവാൻ കാരണം’; മനോഹര പ്രണയകഥയുമായി മധുരം പ്രേക്ഷകരിലേക്ക്, ട്രെയ്‌ലർ

December 23, 2021

ഹൃദയം തൊടുന്ന ജീവിതകഥയുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം. മധുരം എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് മധുരം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

റൊമാൻസ് വിഭാഗത്തിലാണ് മധുരം ഒരുങ്ങുന്നത്. രണ്ട് തലമുറകളുടെ പ്രണയത്തെക്കുറിച്ച് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്ന ചിത്രമാണ് മധുരം. ജോജു ജോർജിന്റെ നായികയായി ശ്രുതി രാമചന്ദ്രനും അർജുൻ അശോകന്റെ നായികയായി നിഖില വിമലും ചിത്രത്തിൽ വേഷമിടുന്നു. നടൻ ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ ജാഫര്‍ ഇടുക്കി, ഫഹിം സഫര്‍, മാളവിക, ബാബു ജോസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read also: കാത്തിരിപ്പിന് അവസാനം; ‘ഹൃദയം’ ജനുവരി 21ന് തിയേറ്ററുകളിലേക്ക്

ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അഹമ്മദ് കബീറിന്റേതാണ് ചിത്രത്തിന്റെ കഥയും. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബർ 24 മുതലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

Story highlights: Madhuram Official Trailer