കൊടുംതണുപ്പിൽ തെരുവിൽ കഴിയുന്നവർക്കായി പുതപ്പുകൾ നിർമ്മിച്ച് നൽകി 11 വയസുകാരി

January 9, 2022

യുകെയിൽ മരം കോച്ചുന്ന തണുപ്പാണ്…ഈ തണുപ്പ് കാലത്ത് തെരുവിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി എത്തുകയാണ് ഒരു പതിനൊന്ന് വയസുകാരി. അലീസാ ഡീന എന്ന കൊച്ചുമിടുക്കിയാണ് ഭവനരഹിതരായ ആളുകൾക്ക് വേണ്ടി സ്വന്തമായി പുതപ്പുകൾ നിർമിച്ച് നൽകുന്നത്. ആളുകൾ വലിച്ചെറിഞ്ഞ് കളയുന്ന പ്ലാസ്റ്റിക് കവറുകൾ സ്വരുക്കൂട്ടിയാണ് അലീസ പുതപ്പുകൾ നിർമ്മിക്കുന്നത്. പുതപ്പും, തൊപ്പിയും കൈയുറകളും സോക്‌സും അല്പം മധുരപലഹാരങ്ങളും അടങ്ങുന്ന കവറുകളാണ് തെരുവിൽ കഴിയുന്ന നിർധനരായ ആളുകൾക്കായി അലീസ നിർമിച്ച് നൽകുന്നത്. ഇതിനോടകം എൺപതിലധികം കവറുകൾ ഇത്തരത്തിൽ അലീസ നൽകിക്കഴിഞ്ഞു.

വിവിധ ഇടങ്ങളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് അവ ആദ്യം ഇസ്തിരിയിട്ട് അതിന് ശേഷം വെതർപ്രൂഫിംഗ്, തുന്നൽ എന്നിവ പോലുള്ള കാര്യങ്ങൾ ചെയ്യുന്നു. ഇവയ്ക്കൊപ്പം തുണികൂടി ചേർത്താണ് തുന്നുന്നത്. ഓരോ പുതപ്പുകളും തയാറാക്കാനായി ഏകദേശം 45 മിനിറ്റോളം എടുക്കും, ആദ്യമൊക്കെ സ്വന്തം കൈയിൽ നിന്നും പണം എടുത്താണ് അലീസ പുതപ്പുകൾ നിർമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുതപ്പുകൾ നിർമിക്കുന്നതിനായി പണം സ്വരൂപിക്കാനായി ഒരു ധനസമാഹാര പരിപാടിയും അലീസ നടത്തുന്നുണ്ട്.

Read also: ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’; ചിരി വിഡിയോയുമായി ‘മിന്നൽ മുരളി’യുടെ ജോസ്‌മോനും കുട്ടിതെന്നലും

അതേസമയം നിരവധിപ്പേരാണ് അലീസയുടെ ഈ നന്മ മനസിന് അഭിനന്ദനവുമായി എത്തുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് കാണിക്കുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് മികച്ച കൈയടികളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: 11-year old girl making blankets for homeless people