റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ
ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതം അന്തരംഗം… ഓരോ ഭാരതീയനും ഹൃദയത്തിലേറ്റുന്നതാണ് ഇന്ത്യ എന്ന രാജ്യത്തെ. പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നുകിടക്കുന്നു ഇന്ത്യയില്‍. റിപ്പബ്ലിക് ദിന നിറവിലാണ് രാജ്യം ഇന്ന്.
കൊവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്തടക്കം ഒരുക്കിയിട്ടുള്ളത്. വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്‌ളൈപാസ്റ്റാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്റെ ഏറ്റവും വലിയ ആകർഷണം.
ജനാധിപത്യഭരണം അതായത് അംഗങ്ങള്‍ക്കെല്ലാം തുല്യ അവകാശമുള്ള സമൂഹം എന്നാണ് റിപ്പബ്ലിക് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന വര്‍ഷമാണ് റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നത്. സ്വന്തമായി ഭരണഘടനയുള്ള പരമാധികാര രാജ്യമായി ഇന്ത്യ മാറിയ ദിനം. 1950 ജനുവരി 26-നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്.
റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രം..
ബ്രിട്ടീഷുകാരില്‍ നിന്നും 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും രാജ്യത്തിന് സ്വന്തമായ ഒരു ഭരണഘടന അന്ന് ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ നിയമനിര്‍മ്മാണത്തിനും നടത്തിപ്പിനും ഭരണഘടന ആവശ്യമായതിനാല്‍ 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ നിര്‍മാണത്തിനുള്ള പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തു. ഡോ. ബി ആര്‍ അംബേദ്കറാണ് കമ്മറ്റിക്ക് നേതൃത്വം നല്‍കിയത്. അങ്ങനെ 1950 ജനുവരി 26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു.
ആഘോഷങ്ങള്‍
റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം നിലനിലനിര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു. രാജ്യത്ത് പൊതു അവധിയാണ് റിപ്പബ്ലിക് ദിനം. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. ഇന്നേ ദിവസം കര-നാവിക-വ്യോമ സേനയില്‍ നിന്നുള്ളവര്‍ അവരുടെ ഔദ്യോഗിക വേഷത്തില്‍ പരേഡ് നടത്തുകയും രാഷ്ട്രപതി അവരിൽ നിന്നും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ഡല്‍ഹി രാജ്പഥില്‍ നിന്നും ആരംഭിച്ച് ചെങ്കോട്ടയിലാണ് റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുക. ഇതിനുപുറമെ വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന പ്രത്യേക പ്രദര്‍ശനങ്ങളും പരേഡില്‍ ഉണ്ടായിരിക്കും.
രാവിലെ 10.30നാണ് പരേഡ് ആരംഭിക്കുക. 99 പേരാണ് പരേഡില്‍ പങ്കെടുക്കുന്നത്. അതിനുമുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.
Story highlights: 73 th republic day