‘അദ്ദേഹത്തിന് സംഗീതത്തിന്റെ ആവശ്യമില്ല, അദ്ദേഹം തന്നെയാണ് സംഗീതം’; ശ്രീവല്ലി ഗാനം പാടി ഹിറ്റാക്കിയ സിദ് ശ്രീറാമിനെക്കുറിച്ച് അല്ലു അർജുൻ
ആലാപനമാധുര്യം കൊണ്ട് ഹൃദയതാളങ്ങൾ കീഴടക്കിയ അത്ഭുത ഗായകനാണ് സിദ് ശ്രീറാം. ഓരോ പാട്ടുകളെയും അതിന്റെ ഏറ്റവും മനോഹാരിതയിൽ ആസ്വാദകരിലേക്കെത്തിക്കുന്ന സിദ് ശ്രീറാമിന്റേതായി അടുത്തിടെ പാട്ട് പ്രേമികൾക്കിടയിൽ തരംഗമായ ഗാനമാണ് അല്ലു അർജുൻ ചിത്രം പുഷ്പയിലെ ശ്രീവല്ലി ഗാനം. ഇന്ത്യ ഒട്ടാകെ തരംഗമായ ചിത്രത്തിലെ ഈ ഗാനവും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയതാണ്. ഇപ്പോഴിതാ ‘ശ്രീവല്ലി’ എന്ന ഗാനം ആലപിച്ച സിദ് ശ്രീറാമിനെ അഭിനന്ദിച്ചു കൊണ്ടുള്ള അല്ലു അർജുന്റെ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പുഷ്പയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലെ സിദ് ശ്രീറാമിന്റെ പെർഫോമൻസ് പങ്കുവെച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ പോസ്റ്റ്. ‘ഒഴിവ് വേളകളിൽ എഴുതാനായി കരുതിവെച്ചതാണിത്. എന്റെ സഹോദരൻ സിദ് ശ്രീറാം പുഷ്പ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ ശ്രീവല്ലി ഗാനം ആലപിച്ചു. സംഗീതോപകരണങ്ങൾ ഒന്നുമില്ലാതെയാണ് സിദ് ഗാനം ആലപിച്ചുതുടങ്ങിയത്. അദ്ദേഹത്തിന്റെ പാട്ടിനൊപ്പം പതിയെ സംഗീതോപകരണങ്ങൾ വായിച്ച് തുടങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും അത് സംഭവിച്ചില്ല. എന്നാൽ അവൻ അതിമനോഹരമായി പാടിക്കൊണ്ടേയിരുന്നു, ആ പാട്ടിന് ഒരു മാന്ത്രികതയുണ്ടായിരുന്നു…അവന് സംഗീതത്തിന്റെ ആവശ്യമില്ല, കാരണം അദ്ദേഹം തന്നെയാണ് സംഗീതം.’ അല്ലു അർജുൻ കുറിച്ചു.
Read also: ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം
അതേസമയം ദേവി ശ്രീപ്രസാദ് ആണ് പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികാ കഥാപാത്രമായെത്തുന്നത്. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു.
Story highlights: allu arjun about singer sid sriram