ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം

January 31, 2022

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ഷാജി എന്നയാളും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടഞ്ചേരിയിലൂടെ വൈക്കോലുമായി സഞ്ചരിച്ച വാഹനത്തിന് തീ പിടിച്ചത്. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ നാട്ടുകാരനായ ഷാജി വർഗീസ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ഇലക്ട്രിക് ലൈനിൽ നിന്നുമാണ് വൈക്കോൽ കയറ്റിയ വാഹനത്തിന് തീ പിടിച്ചത്. തുടർന്ന് ഡ്രൈവറും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും അണയാതെ വന്നതോടെ ഷാജി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തീ ആളിക്കത്തുന്ന വാഹനം ഒഴിഞ്ഞുകിടന്ന സ്കൂൾ മൈതാനത്തേക്ക് പ്രവേശിപ്പിച്ച ഷാജി ലോറി അല്പം ചെരിച്ചും തിരിച്ചും വാഹനത്തിൽ ഉണ്ടായിരുന്ന വൈക്കോൽ മുഴുവൻ നിലത്തേക്ക് മറിച്ചിട്ടു. ഇതോടെ വാഹനത്തിന് തീ പിടിക്കുന്നത് ഒഴിവായി. പിന്നീട് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു.

Read also: ‘അവസാനം ഞാനത് കണ്ടു, എനിക്ക് പറയാൻ വാക്കുകളില്ല’- ഹൃദയംതൊട്ട സഹോദരന്റെ സിനിമയെക്കുറിച്ച് വിസ്മയ മോഹൻലാൽ

ഷാജിയുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തത്തിൽ നിന്നാണ് ഒരു പ്രദേശത്തെ രക്ഷിച്ചത്. ഇതോടെ നാട്ടുകാരും സമീപവാസികളും ഉൾപ്പെടെ നിരവധിപ്പേരാണ് ഷാജിയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. ഷാജിയുടെ ഈ വീരസാഹസീക കഥകൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ നാടിന്റെ മുഴുവൻ ഹീറോയായി മാറിയിരിക്കുകയാണ് കോടഞ്ചേരിയിലെ വ്യാപാരിയും ഡ്രൈവറുമായ ഷാജി വർഗീസ്.

Story highlights:Shaji rescue town from fired vechicle at kottanchery kozhikode