ഹൃദയം കവർന്ന് മോഹൻലാലും പൃഥ്വിയും; ദീപക് ദേവിന്റെ സംഗീതത്തിൽ ‘ബ്രോ ഡാഡി’യിലെ ആദ്യ ഗാനം

January 14, 2022

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ മുഖ്യകഥാപാത്രമാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രമാകുന്നുണ്ട്. ഇപ്പോഴിതാ സംഗീതാസ്വാദകരിൽ ആവേശമാകുകയാണ് ചിത്രത്തിലെ ആദ്യ ഗാനം. ദീപക് ദേവ് സംഗീതം നൽകി വിനീത് ശ്രീനിവാസൻ, എം ജി ശ്രീകുമാർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ‘പറയാതെ വന്നെൻ..’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ.

ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇത് ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലറും.

Read also; വിവാഹവേദിയിൽ നൃത്തം ചെയ്ത് വധു, അവസാനം വരനായി കാത്തുവച്ചത് മനോഹരമായൊരു സർപ്രൈസും- വിഡിയോ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കും.

story highlights: Bro Daddy Video Song- Parayathe Vannen