കൊവിഡ് വ്യാപനം; ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം, സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. ഇനിമുതൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണമായിരിക്കും. എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം ഉണ്ടായിരിക്കില്ല. 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
സ്കൂളുകള്‍ പൂര്‍ണമായി അടയ്ക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈൻ ആയിത്തന്നെ തുടരും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായി. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനങ്ങള്‍.
പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ആരാധനാ ചടങ്ങുകള്‍ അടക്കം ഓണ്‍ലൈനായി മാത്രമാകും നടത്തുക. തീവ്രവ്യാപനമുള്ള സ്ഥലങ്ങളില്‍ പൊതുപരിപാടികള്‍ പാടില്ല.
നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ ‘എ’ കാറ്റഗറിയില്‍പ്പെടുത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്തും. മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവിടങ്ങളില്‍ മാനേജ്മെന്റുകള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം.
Story highlights: Covid restrictions