‘ബ്രോ ഡാഡി’ കണ്ണുമടച്ച് ഇഷ്ടപ്പെടാൻ ഒന്നിലധികം കാരണങ്ങളെന്ന് സംവിധായകൻ വി എ ശ്രീകുമാർ
‘ലൂസിഫറിന്’ ശേഷം മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി.’ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ ദിവസം മുതൽ മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കൂടിയാണ് ‘ബ്രോ ഡാഡി.’ ഒരു കോമഡി-ഡ്രാമയായി ഒരുങ്ങിയ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ ബുധനാഴ്ച രാത്രിയോട് കൂടിയാണ് റിലീസായത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം ഒടിടിയിൽ പ്രദർശനം തുടരുമ്പോൾ സിനിമ മേഖലയിലെ പല പ്രമുഖരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു. ഇപ്പോൾ ‘ബ്രോ ഡാഡിയെ’ പ്രശംസിച്ച് സംവിധായകൻ വി എ ശ്രീകുമാർ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്.
മോഹൻലാലിൻറെ മെയ്യൊഴുക്കും പൃഥ്വിരാജിന്റെ അനായാസ തമാശകളും തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ എന്നഭിപ്രായപ്പെട്ട വി എ ശ്രീകുമാർ ലാലു അലെക്സിന്റെ അടക്കം മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും എടുത്ത് പറഞ്ഞു. തന്റെ മകൾ ലക്ഷ്മി പാട്ട് രചിച്ച സിനിമ, സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ ചിത്രം ഇഷ്ടപ്പെടാൻ ഒന്നിലധികം കാരണങ്ങളുണ്ടെന്നും പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിക്കാൻ മോഹൻലാൽ കാണിച്ച ധൈര്യം അദ്ദേഹത്തിന് തന്നിലെ നടനിലുള്ള ആത്മവിശ്വാസം കൂടിയാണ് കാണിക്കുന്നതെന്നും മോഹൻലാൽ ചിത്രമായ ‘ഒടിയന്റെ’ കൂടി സംവിധായകനായ വി എ ശ്രീകുമാർ അഭിപ്രായപ്പെട്ടു.
Read More: പാചകവും പിയാനോ വായനയും ഒരേ സ്ഥലത്ത്; വൈറൽ വിഡിയോ
“ശ്രീജിത് പൃഥിയോട് കഥ പറഞ്ഞതും മുതലുള്ള കഥകള്‍ സുഹൃത്തുക്കളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം. പിടപിടക്കുന്ന ക്ലൈമാക്‌സുകള്‍ ലാലു അലക്‌സ് മുന്‍പും തന്നിട്ടുണ്ട്. കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരന്‍ സാര്‍ വരെ സിനിമയെ ജീവിപ്പിച്ചു. പവിത്രം സിനിമയില്‍ നിന്ന് ബ്രോഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിന്റെയും ബിപിന്റെയും എഴുത്ത് കാലികമാണ്. ഇക്കാലത്തിന്റെ സകുടുംബ ചിത്രം. ലാലേട്ടന്റെ മെയ്യൊഴുക്ക്, പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും. പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ആ ധൈര്യമുണ്ടാകും. ഇക്കാലത്തിനു ചേരുന്ന കുടുംബം എന്ന നിലയിലുള്ള മെച്ചപ്പെടലിന് ബ്രോ ഡാഡി നമ്മെ സഹായിക്കും- തീര്‍ച്ച “- വി എ ശ്രീകുമാർ പറഞ്ഞു.
Story Highlights: Director Sreekumar on ‘Bro Daddy’