പ്രകൃതിക്കും മനുഷ്യർക്കും മുൻപിൽ കുലുങ്ങാത്തൊരു കോട്ട; കാംഗ്ര ഫോർട്ടിന്റെ വിശേഷങ്ങളറിയാം

January 21, 2022

ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ കോട്ടകളിലൊന്നായ കാംഗ്ര ഫോർട്ട് സ്ഥിതി ചെയ്യുന്നത്. മഹാഭാരതകാലത്തോളം പഴക്കം ഈ കോട്ടയ്ക്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ധർമശാലയിൽ നിന്ന് മലയിറങ്ങി വന്നാണ് കാംഗ്ര പട്ടണത്തിലേക്കെത്തുന്നത്. പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ അകലെ നിലകൊള്ളുന്ന ഈ ചരിത്ര വിസ്മയം 463 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നു.

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കടോച്ച് രാജവംശമാണ് ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ, മാഞ്ചി – ബൻഗംഗാ നദികൾക്കരികിലായി ഈ കൂറ്റൻ കോട്ട പണിതതെന്ന് കരുതപ്പെടുന്നു. കൗരവരുടെയൊപ്പമായിരുന്നു കടോച്ച് രാജാവായ സുശർമ ചന്ദ്ര നിലയുറപ്പിച്ചത്. മഹാഭാരതയുദ്ധത്തിലെ പരാജയത്തിനുശേഷം സൈനികരുമായി തിരിച്ചുവരുന്ന വഴി ഇതുവഴിയെത്തിയ സുശർമ ചന്ദ്ര ത്രിഗർത്തയുടെ അധികാരം പിടിച്ചെടുത്ത് കാംഗ്രയിൽ കോട്ട സ്ഥാപിക്കുകയായിരുന്നെന്നാണ് വിശ്വാസം.

1905-ലെ ശക്തമായ ഭൂകമ്പം കോട്ടയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ നിലകൊള്ളുന്നു.

Read More:ഐസിസിയുടെ ടെസ്റ്റ് ടീമിൽ രോഹിത്തും പന്തും അശ്വിനും; ഏകദിനടീമിൽ ഇന്ത്യൻ താരങ്ങളില്ല

ഒരുപാട് അധിനിവേശശ്രമങ്ങളും കാംഗ്ര കോട്ട അതിജീവിച്ചിട്ടുണ്ട്. കാലങ്ങളായി നാട്ടുരാജാക്കൻമാരും ഭക്തരും സമർപ്പിച്ച സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവ അടങ്ങുന്ന നിധിശേഖരം കോട്ടയിലുണ്ടെന്നാണ് വിശ്വാസം. കോട്ടയ്ക്കുള്ളിൽ 21 കിണറുകളിലായി ഉണ്ടായിരുന്ന നിധിശേഖരം പകുതിയിലധികം കൊള്ളയടിക്കപ്പെട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിലും എട്ടോളം കിണറുകളിലെ നിധിശേഖരം ഇപ്പോഴും കോട്ടയ്ക്കകത്തുള്ളതായി പറയപ്പെടുന്നു.

11 കവാടങ്ങളും 23 കൊത്തളങ്ങളുമുള്ള കോട്ടയുടെ ഓരോ കവാടത്തിനും ഓരോ സമയത്തും കോട്ട പിടിച്ചെടുത്ത ഭരണാധികാരികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.

Story Highlights: Kangra Fort- One of India’s oldest fort