ഗാലറിയിൽ കപിൽ ദേവ്, പിതാവിനെ അവതരിപ്പിച്ച് മൊഹിന്ദർ അമർനാഥ്; ’83’ സിനിമയിലെ സർപ്രൈസുകൾ…
ഇന്ത്യൻ കായിക ചരിത്രത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട വിജയങ്ങളിൽ ഒന്നാണ് 1983-ലെ ലോകകപ്പ് വിജയം. ഫൈനലിൽ ശക്തരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് കപിൽ ദേവിന്റെ ടീം നേടിയത് ഏറക്കുറെ അവിശ്വസനീയമായ വിജയം തന്നെ ആയിരുന്നു. ഒരു തലമുറയെ തന്നെ ആവേശത്തിലാഴ്ത്തിയ ലോകകപ്പ് വിജയത്തിന്റെ കഥയാണ് ’83’ എന്ന സിനിമയിലൂടെ സംവിധായകൻ കബീർ ഖാൻ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥി താരങ്ങളായി ’83’-ലെ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന യഥാർത്ഥ താരങ്ങളും അഭിനയിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിലെ ഏറ്റവും ആകർഷകമായ കാര്യങ്ങളിലൊന്ന്.
സ്വന്തം കഥാപാത്രത്തിനെ പ്രോത്സാഹിപ്പിക്കുന്ന കാണികളിൽ ഒരാളായി വന്നാണ് കപിൽ ദേവ് ചിത്രത്തിൽ ആവേശം നിറയ്ക്കുന്നത്. ചിത്രത്തിൻറെ പ്രൊമോഷൻ സമയത്തും കപിൽ ദേവിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കാണികളിൽ ഒരാളായി വന്ന് കപിൽ ദേവ് കൈയടി നേടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെടുന്ന സ്വന്തം പിതാവായ ലാല അമർനാഥിനെ ലോകകപ്പ് ഫൈനൽ മത്സരത്തിലെ ‘മാൻ ഓഫ് ദ് മാച്ച്’ കൂടിയായ മൊഹിന്ദർ അമർനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നു.
Read Also: ആവേശം നിറച്ച് ’83’ ലെ ഗാനം; മനോഹരമായി പാടി ബെന്നി ദയാൽ
രൺവീർ സിംഗ് ആണ് 83-യിൽ കപിൽ ദേവിനെ അവതരിപ്പിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ കപിൽ ദേവിന്റെ പത്നിയായ റോമി ഭാടിയയെ അവതരിപ്പിക്കുമ്പോൾ ആർ ശ്രീകാന്ത് ആയി തമിഴ് നടൻ ജീവ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. റിലയൻസ് എന്റർടൈൻമെന്റ്സിനൊപ്പം ദീപിക പദുകോണും സംവിധായകൻ കബീർ ഖാനും കൂടി ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യത ആണ് ലഭിച്ചിട്ടുള്ളത്.
Story Highlights: Kapil Dev’s Cameo in 83 movie