ഗ്രാമത്തിലെ കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമായി തന്റെ സമ്പാദ്യം മുഴുവൻ വിറ്റ ഒരു മുത്തശ്ശി

January 25, 2022

ഗ്രാമത്തിലെ കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമായി സ്വന്തം സമ്പാദ്യം മുഴുവൻ വിറ്റ ഒരു മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കർണാടകയിലെ കുനിക്കേരി ഗ്രാമത്തിൽ നിന്നുള്ള 75 വയസ്സുള്ള ഹുച്ചമ്മ ചൗദ്രി എന്ന മുത്തശ്ശിയാണ് ഗ്രാമത്തിലെ കുട്ടികൾക്ക് കളിക്കാനും വളരാനുമായി തനിക്ക് ഉണ്ടായിരുന്ന രണ്ടര ഏക്കറോളം സ്ഥലം വിട്ട് നൽകിയത്. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലമാണ് ഹുച്ചമ്മ കുട്ടികൾക്ക് ദാനമായി നൽകിയത്.

അതേസമയം നേരത്തെ ഈ ഗ്രാമത്തിൽ സ്കൂൾ പണിയാനായി അധികൃതർ സ്ഥലം അന്വേഷിച്ചപ്പോഴും തന്റെ ഭൂമിയുടെ പകുതിയോളം ഇവർ സ്കൂളിനായി നൽകിയിരുന്നു. ഇപ്പോൾ കുട്ടികൾക്ക് വേണ്ടി കളിസ്ഥലത്തിനായി അധികൃതർ അന്വേഷണം നടത്തിയപ്പോഴും സ്വന്തമായി ഉണ്ടായിരുന്ന ഭൂമി മുഴുവൻ ഇവർ ദാനമായി നൽകാൻ തയാറാകുകയായിരുന്നു.

Read also: ‘മലയാള സിനിമയിൽ കൽപനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു’-മലയാളത്തിന്റെ ഹാസ്യ റാണിയുടെ ഓർമകളിൽ മനോജ് കെ ജയൻ

അതേസമയം ഇത്രയും ഭൂമിയും സ്വത്തുക്കളും സ്വന്തമായി ഉണ്ടെങ്കിലും ഇതേ സ്കൂളിൽ പാചകക്കാരിയായി ജോലിചെയ്യുകയാണ്. ദിവസവും ഏകദേശം 300 ഓളം കുട്ടികൾക്ക് ഭക്ഷണം തയാറാക്കി നൽകുന്നുണ്ട് ഈ മുത്തശ്ശി. കുട്ടികളോട് വളരെ സ്നേഹമുള്ള ഇവർ സ്കൂളുകൾ അടയ്ക്കുമ്പോൾ വയലുകളിലും മറ്റും ദിവസക്കൂലിയ്ക്കായും പോകാറുണ്ട്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായ ഹുച്ചമ്മയ്ക്ക് ഏറ്റവും വലിയ സന്തോഷം കുട്ടികളെ കാണുന്നതും അവർക്കൊപ്പം സമയം ചിലവഴിക്കുന്നതുമാണ്. താൻ സമ്പാദിക്കുന്ന പണമെല്ലാം ഈ കുട്ടികളുടെ ഓരോ ആവശ്യങ്ങൾക്കായും നൽകുകയാണ് ഹുച്ചമ്മ. തനിക്ക് അധികം പണത്തിന്റെ ആവശ്യമില്ലെന്നും വിശപ്പടക്കാൻ ഉള്ളത് മാത്രം മതിയെന്നുമാണ് ഹുച്ചമ്മ പറയുന്നത്.

Story highlights: Lady donated her one crore worth land for children