‘എന്റെ ഈ വീടും സ്ഥലവും നിനക്കെഴുതി തന്നേക്കാടാ മോനെ’ – പൃഥ്വിരാജുമായി നടത്തിയ നർമസംഭാഷണത്തെ പറ്റി ലാലു അലക്സ്

January 31, 2022

‘ലൂസിഫറിന്’ ശേഷം മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി.’ നടൻ ലാലു അലക്സിന്റെ പ്രകടനമാണ് ചിത്രത്തിന്റെ വലിയൊരു സവിശേഷതയായി പ്രേക്ഷകരും നിരൂപകരും എടുത്ത് പറയുന്നത്. മികച്ച പ്രകടനം കാഴ്ച് വെച്ചിരിക്കുന്ന ലാലു അലക്സിന് വലിയ കയ്യടിയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ചിത്രം തുടങ്ങുന്നതിന് മുൻപ് സംവിധായകൻ പൃഥ്വിരാജുമായി ലാലു അലക്സ് നടത്തിയ ഒരു സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ലാലു അലക്സ് തന്നെയാണ് ഒരു അഭിമുഖത്തിൽ ഈ സംഭാഷണത്തെ പറ്റി പറഞ്ഞത്.

‘ബ്രോ ഡാഡിയെ’ പറ്റി സംസാരിക്കാൻ വിളിച്ച സമയത്ത് ‘ലാലുച്ചേട്ടനെ നായകനാക്കി ഞാനൊരു സിനിമ ഡയറക്ട് ചെയ്യാൻ പോവ്വാണ്, എനിക്കെന്തു തരും’ എന്ന പൃഥ്വിരാജിന്റെ ചോദ്യത്തിനാണ് നർമത്തിൽ ചാലിച്ച മറുപടി ലാലു അലക്സിൽ നിന്നുമുണ്ടായത്. ‘ഒരു കാര്യം ചെയ്യാടാ മോനെ, എന്റെയീ വീടും സ്ഥലവും നിനക്കങ്ങ് എഴുതി തന്നേക്കാം’ എന്ന മറുപടിയാണ് ലാലു അലക്സ് പറഞ്ഞത്. ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ വിളിച്ചതിലുള്ള സന്തോഷവും ലാലു അലക്സ് പങ്കുവെച്ചു.

Read More: ഡ്രൈവിങ് ലൈസൻസ് തമിഴ് റീമേക്കിൽ താരങ്ങളായി ചിമ്പുവും എസ് ജെ സൂര്യയും

ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ ദിവസം മുതൽ മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കൂടിയാണ് ‘ബ്രോ ഡാഡി.’ ഒരു കോമഡി-ഡ്രാമയായി ഒരുങ്ങിയ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയോട് കൂടിയാണ് റിലീസായത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം ഒടിടിയിൽ പ്രദർശനം തുടരുമ്പോൾ സിനിമ മേഖലയിലെ പല പ്രമുഖരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു.

Story Highlights: Lalu Alex shares funny conversation with Prithviraj