ബറോസിൽ വേറിട്ട ലുക്കിൽ മോഹൻലാൽ; ശ്രദ്ധനേടി പോസ്റ്റർ
സംവിധായകനായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി മോഹൻലാലാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിൻറെ ലുക്കാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. തല മൊട്ടയടിച്ച രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെടുന്നത്.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുന്നതും ഇതന്വേഷിച്ച് ബറോസിന്റെ അടുത്തെത്തുന്ന കുട്ടിയുമാണ് ചിത്രത്തിന്റെ പ്രമേയം. നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.
Read also: ഉലകനായകനൊപ്പം തമിഴകത്തിന്റെ സൂപ്പർതാരങ്ങളും; വേദിയെ അതിശയിപ്പിച്ച് സ്പോട്ട് പുലികൾ, വിഡിയോ
അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.
‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. അതേസമയം ഫോർട്ട് കൊച്ചിയിലും ഗോവയിലുമാണ് ചിത്രത്തിന്റെ ആദ്യഭാഗം ഷൂട്ട് ചെയ്യുന്നത്.
Story highlights: Mohanlal Barroz look