ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, ജോഷി സാറിന് നന്ദി; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് നൈല ഉഷ

January 20, 2022

സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് ‘പാപ്പൻ.’ സുരേഷ് ഗോപിയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി നൈല ഉഷയാണ്. ജോഷിയുടെ തുടർച്ചയായ രണ്ടാം ചിത്രത്തിലാണ് നൈല പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. നേരത്തെ പൊറിഞ്ചു മറിയം ജോസിലും നൈലയായിരുന്നു ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സംവിധായകൻ ജോഷിയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നൈല.

“എന്റെ ഏറ്റവും മനോഹരമായ ഒരു നിമിഷമാണ് ഈ ചിത്രത്തിൽ പതിഞ്ഞത്. എനിക്ക് തന്ന സ്നേഹത്തിനും അവസരത്തിനും ജോഷി സാറിന് ഒരുപാട് നന്ദി. രാപകലില്ലാതെ എത്രയോ അധ്വാനിച്ചിട്ടാണ് താങ്കൾ ഓരോ ഷോട്ടും പൂർണ്ണതയിലെത്തിക്കുന്നത്. ഓരോ അഭിനേതാവിന്റെയും മികവ് പുറത്തുകൊണ്ട് വരാൻ അങ്ങ് പ്രത്യേകം ശ്രദ്ധിക്കുന്നു. താങ്കളുടെ ഊർജ്ജസ്വലത കൂടെയുള്ളവർക്കും പകരുന്ന ഒന്നാണ്.” നൈല ചിത്രത്തിന് താഴെ കുറിച്ചു.

Read More: ‘ഹൃദയം’ തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരുടെ സിനിമയെന്ന് മോഹൻലാൽ; വർഷങ്ങൾക്ക് ശേഷം ഒരു മലയാളസിനിമയുടെ ഓഡിയോ കാസറ്റ് റീലീസ്

‘പാപ്പൻ’ സിനിമയുടെ ചിത്രീകരണം അവസാനിച്ചുവെന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം ചിത്രം ഉടനെ തന്നെ തീയേറ്ററുകളിലേക്കെത്തുമെന്നും നൈല കൂട്ടിച്ചേർത്തു. മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെയുള്ള ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും നൈല പറഞ്ഞു.

സുരേഷ് ഗോപിക്കും നൈല ഉഷയ്ക്കുമൊപ്പം ഗോകുൽ സുരേഷ്, വിജയരാഘവൻ, നീത പിള്ള, കനിഹ, ആശ ശരത്, ചന്തുനാഥ്, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

Story Highlights: Nyla Usha shares instagram picture with Director Joshy