തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്
ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ മത്സരാർത്ഥിയായി എത്തിയ വിഷ്ണു എന്ന ചെറുപ്പക്കാരനെ കണ്ടവർ പലരും ചിന്തിച്ചിട്ടുണ്ടാകും. ഇദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്…? തൃശൂർ നഗരത്തിലൂടെ സഞ്ചരിക്കുന്ന പലർക്കും പരിചിതമായ മുഖമാണ് വിഷ്ണുവിന്റേത്. വൈകുന്നേരങ്ങളിൽ തൃശൂരിന്റെ മുക്കിലും മൂലയിലും ചുക്ക് കാപ്പിയുമായി എത്തുന്ന വിഷ്ണു തന്നെയാണ് ഒരു കോടി വേദിയിൽ എത്തിയ ആ യുവാവ്.
വൈകുന്നേരങ്ങളിൽ ചുക്ക് കാപ്പിയുമായി മാർക്കറ്റുകളിലൂടെ നടക്കുന്ന വിഷ്ണു ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണെന്ന് പലരും അറിയുന്നത് അറിവിന്റെ ഈ വേദിയിലൂടെയായിരിക്കാം. ഇപ്പോഴിതാ ഫ്ളവേഴ്സ് കുടുംബത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കവെയാണ് ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ വിഷ്ണുവിന് ജോലി വാഗ്ദാനം ചെയ്തത്.
ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കേണ്ടി വന്ന യുവാവാണ് വിഷ്ണു. തമിഴ്നാട്ടിൽ നിന്നും എഞ്ചിനിയറിങ്ങ് പഠനം പൂർത്തിയാക്കി തിരികെ നാട്ടിലെത്തിയ വിഷ്ണുവിനെ കാത്തിരുന്നത് കടുത്ത വെല്ലുവിളികളായിരുന്നു. വിഷ്ണുവിൻ്റെ പിതാവ് ബിസിനസുകാരനായിരുന്നു. അമ്മ മരിക്കുന്നത് വരെ ബിസിനസ് നന്നായി മുന്നോട്ടുപോയി. അമ്മയുടെ മരണശേഷം അച്ഛന്റെ ബിസിനസ് നഷ്ടത്തിലായി. നിരാശയിലായ അച്ഛൻ കുറേ കാലം കഴിഞ്ഞപ്പോൾ വീടുവിട്ട് ഇറങ്ങിപ്പോയി. ഇതിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തോളമായി വിഷ്ണു ഒറ്റയ്ക്കാണ് ജീവിതം.
Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്
അവിചാരിതമായാണ് വിഷ്ണു ഫ്ളവേഴ്സ് ഒരു കോടി വേദിയിലെത്തുന്നത്. വിഷ്ണുവിന്റെ ആഗ്രഹത്തെക്കുറിച്ച് ചോദിച്ചറിഞ്ഞപ്പോൾ ഒരു നടൻ ആകണം എന്നായിരുന്നു വിഷ്ണു പറഞ്ഞത്. ഉടൻ തന്നെ ഞങ്ങൾക്കൊപ്പം ചേർന്നോളൂ എന്ന ആർ ശ്രീകണ്ഠൻ നായരുടെ വാക്കുകൾ ഇന്ന് വിഷ്ണുവിന്റെ ജീവിതത്തിന്റെ പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
Story highlights: Oru Kodi Contestant Joining to Flowers Tv