പ്രണവ് ചിത്രത്തിന് വേണ്ടി പാട്ട് പാടുന്ന പൃഥ്വിരാജ്; വിഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

January 9, 2022

നടനായും സംവിധായകനായും ഗായകനായുമെല്ലാം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രോ ഡാഡിയുമായി തിരക്കിലാണ് താരമിപ്പോൾ, അതിനിടെയിൽ ആരാധകരിൽ ആവേശമാകുകയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിന് വേണ്ടി പാട്ട് പാടുന്ന പൃഥ്വിയുടെ വിഡിയോ. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് പാട്ടുപാടുന്നത്.

പാട്ടിന് പ്രാധാന്യം നൽകികൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഹൃദയം, ഏകദേശം 15 ഓളം പാട്ടുകളുണ്ട് ചിത്രത്തിൽ. ചിത്രത്തിലെ ‘ദർശന’ എന്ന ഗാനവും വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ പാടുന്ന ‘ഉണക്ക മുന്തിരി’ പാട്ടുമൊക്കെ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിരാജ് ആലപിക്കുന്ന ഗാനം പ്രേക്ഷകരിലേക്കെത്തിയത്. ‘താരക തെയ്താരെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ തയാറാക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്.

Read also: ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’; ചിരി വിഡിയോയുമായി ‘മിന്നൽ മുരളി’യുടെ ജോസ്‌മോനും കുട്ടിതെന്നലും

മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്.

Story highlights: prithviraj singing hridayam song video out