‘പുഷ്പ’ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിൽ; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി അല്ലു അർജുൻ

സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും വലിയ തരംഗമായി മാറിയിരിക്കുകയാണ്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോൾ റെക്കോർഡിട്ടിരിക്കുന്നത്. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കൊണ്ടാണ് ചിത്രം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ പ്രാദേശിക സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ചിത്രം. ‘പുഷ്പ’ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
Read More: ചേർത്തുനിർത്തി ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു വാര്യർ; മികച്ച ചിത്രമെന്ന് സോഷ്യൽ മീഡിയയും
ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു. നേരത്തെ തന്നെ ലോകത്താകെയുള്ള തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ 300 കോടിയോളം നേടിയിരുന്നു.
ഡിസംബര്‍ 17നാണ് ‘പുഷ്പ’ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ 2: ദ റൂളിന്റെ’ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ചിത്രത്തിലെ നായിക രശ്മിക മന്ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Story Highlights: ‘Pushpa’ hindi version reaches 100 crore club